കൊല്‍ക്കത്ത: കോവിഡ് ബാധയുണ്ടെന്ന് സംശയമുള്ളയാളെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച്‌ യുവ നേതാവ്. ബം​ഗാളിലെ ജാര്‍​ഗ്രാം ജില്ലയിലാണ് സംഭവം. തൃണമൂല്‍ നേതാവാണ് പിപിഇ കിറ്റ് ധരിച്ച്‌ മറുനാടന്‍ തൊഴിലാളിയെ ആശുപത്രിയിലെത്തിച്ചത്. മറുനാടന്‍ തൊഴിലാളിയായ അമല്‍ ബാരിക്ക് (43) അടുത്തിടെയാണ് സ്വദേശമായ സിജുവ ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയത്. വന്നതിനു പിന്നാലെ അദ്ദേഹത്തിന് പനി പിടിച്ചു. ആശുപത്രിയിലെത്താന്‍ ആംബുലന്‍സൊന്നും ലഭ്യമായില്ല. ഇതേക്കുറിച്ചറിഞ്ഞ തൃണമൂല്‍ യുവജന വിഭാഗത്തിന്റെ ഗോപിബല്ലവ്‌പുരിലെ നേതാവ് സത്യകം പട്നായിക് പിപിഇ കിറ്റ് ധരിച്ച്‌ കടമെടുത്ത ബൈക്കില്‍ ബാരിക്കിന്റെ വീട്ടിലെത്തുകയും അമല്‍ ബാരിയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. പരിശോധനകള്‍‍‍ക്കു ശേഷം വീട്ടില്‍ തന്നെ തുടരാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന്, പട്നായിക് ബാരിക്കിനെ തിരികെ വീട്ടിലെത്തിച്ചു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.