ഈറോഡ്: കോവിഡ് പ്രതിരോധ മരുന്നെന്ന് പറഞ്ഞ് നല്‍കിയത് വിഷ ഗുളികകള്‍ കഴിച്ച് അമ്മയും മകളും മരിച്ചു. ചന്നിമല കെജി വലസ്സ് പെരുമാള്‍മലൈ കറുപ്പണ്ണ കൗണ്ടറുടെ ഭാര്യ മല്ലിക (55), മകള്‍ ദീപ (30) എന്നിവരാണു മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു.
പഞ്ചായത്തിലെ കോവിഡ് പരിശോധനാ സംഘത്തിലെ അംഗമെന്ന വ്യാജേന വീട്ടിലെത്തിയ യുവാവ് കോവിഡ് പ്രതിരോധ മരുന്നെന്നു പറഞ്ഞു നല്‍കിയ ഗുളികകള്‍ കഴിച്ചതിന് പിന്നാലെ അമ്മയും മകളും മരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണു ഗുളികകള്‍ നല്‍കിയത്. ഇതു കഴിച്ചു കറുപ്പണ്ണയടക്കം മൂന്നുപേര്‍ക്കും അസ്വസ്ഥത ഉണ്ടായതിനെത്തുടര്‍ന്നു മൂന്നുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മല്ലികയെ ഈറോഡ് സ്വകാര്യ ആശുപത്രിയിലും, മറ്റു രണ്ടുപേരെ കോയമ്ബത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടു മല്ലികയും ഇന്നലെ രാവിലെ ദീപയും മരിച്ചു. പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കൊലപാതകമെന്നു കണ്ടെത്തി. കറുപ്പണ്ണ കൗണ്ടര്‍ അയല്‍വാസിയായ കല്യാണസുന്ദരത്തിനു 7 ലക്ഷം രൂപ വായ്പ നല്‍കിയിരുന്നു. ഇതിന് പലിശ ചോദിച്ചതിന്റെ വിദ്വേഷത്തില്‍ വിഷഗുളികകളുമായി യുവാവിനെ അയച്ചതാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.



