കോവിഡ്-19 രോഗം തിരിച്ചറിയുന്നതിനുള്ള ടെസ്റ്റിന് മഹാരാഷ്ട്രയിലെ സ്വകാര്യ ലാബുകള്‍ ഈടാക്കി വന്നിരുന്ന തുക പകുതിയായി കുറച്ച്‌ സംസ്ഥാന സര്‍ക്കാര്‍. 2200 രൂപയായാണ് ടെസ്റ്റിനുള്ള തുക ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ ഇത് 4500 രൂപയായിരുന്നു. സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് തൊപെയാണ് ഇക്കാര്യം അറിയിച്ചത്.

ടെസ്റ്റുകള്‍ക്കുള്ള ചെലവ് കുറയ്ക്കുന്നത് ജനങ്ങള്‍ക്ക് ആശ്വാസമേകുമെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രികളില്‍ നേരിട്ടു ചെന്ന് പരിശോധനയ്ക്ക് സ്രവം നല്‍കുകയാണെങ്കിലാണ് 2200 രൂപ ഈടാക്കുക. വീട്ടില്‍ച്ചെന്ന് സ്രവം പരിശോധനയ്ക്ക് എടുക്കേണ്ട കേസുകളില്‍ 2800 രൂപ ചെലവ് വരും. നേരത്തെ 4500 മുതല്‍ 5200 വരെ ചെലവ് വന്നിരുന്നു ഇതിന്.

സ്വകാര്യ ആശുപത്രികളും ലാബുകളും നിര്‍ദ്ദിഷ്ട സംഖ്യയില്‍ കൂടുതല്‍ ഈടാക്കുകയാണെങ്കില്‍ അവര്‍ക്കെതിരെ സര്‍ക്കാര്‍ നിയമനടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു. രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് മഹാരാഷ്ട്രയില്‍ ഇനി ടെസ്റ്റുകള്‍ക്ക് ഈടാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ സംസ്ഥാനത്ത് 91 സ്വകാര്യ ലാബുകളാണ് കോവിഡ് ടെസ്റ്റ് നടത്തുന്നത്. കഴിഞ്ഞയാഴ്ച സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നാലംഗ കമ്മറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിരക്കില്‍ മാറ്റം വരുത്തിയത്. നേരത്തെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് 4500 എന്ന നിരക്ക് പ്രാബല്യത്തില്‍ വന്നത്. ഈ നിരക്കില്‍ മാറ്റം വരുത്താന്‍ സ്വകാര്യ ലാബുകളുമായി ചര്‍ച്ച ചെയ്യാവുന്നതാണെന്ന് ഐസിഎംആറില്‍ നിന്നു തന്നെ നിര്‍ദ്ദേശം വന്നതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ വഴിക്ക് നീക്കം തുടങ്ങിയത്.