ദോഹ : രണ്ടു രോഗികള്‍ ഇന്നു മരിച്ചതോടെ ഖത്തറില്‍ കോവിഡ് മരണങ്ങള്‍ 222 ആയി. 46, 83 വയസുള്ള രോഗികളാണ് ഇന്നു മരിച്ചത്. 24 മണിക്കൂറിനിടെ 5,416 പരിശോധനകള്‍ നടത്തിയപ്പോള്‍ 200 പേരില്‍ രോഗം സ്ഥിരീകരിച്ചു. ഇതില്‍ 18 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് എത്തിയവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത് 218 പേരാണ്. ഇതോടെ ഖത്തറിലെ ആകെ രോഗബാധിതര്‍ 1,28,803 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 1,25,802 ആയി. നിലവില്‍ ചികിത്സയിലുള്ളത് 2,779 പേരാണ്. ഇതില്‍ ആശുപത്രികളിലുള്ളത് 401 പേര്‍ മാത്രം. ഇവരില്‍ 36 പേരും 24 മണിക്കൂറിനിടെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ്. 55 പേര്‍ അതിതീവ്ര പരിചരണ വിഭാഗത്തിലാണ്. ഖത്തര്‍ ഇതുവരെ നടത്തിയത് 8,55,154 പരിശോധനകളാണ്. രോഗബാധ നിയന്ത്രണ വിധേയമാണെങ്കിലും പ്രതിരോധ, സുരക്ഷാ മുന്‍കരുതലുകളില്‍ വിട്ടുവീഴ്ച അരുതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.