മലപ്പുറം : വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്നവര്‍ക്ക് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തുന്ന കോവിഡ് കെയര്‍ സെന്ററുകളില്‍ ശുചിത്വവും അടിസ്ഥാന സൗകര്യങ്ങളും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. ഇതു സംബന്ധിച്ചുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കി. രോഗ പ്രതിരോധത്തിനായി പ്രസ്തുത കേന്ദ്രങ്ങളുടെ ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും ശാസ്ത്രീയ സൗകര്യങ്ങള്‍ ഒരുക്കണം. ഭക്ഷണ വിതരണം, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍, വൈദ്യുതി-ജല ലഭ്യത ഉറപ്പാക്കല്‍ എന്നിവയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാന ചുമതലകള്‍.
കോവിഡ് കെയര്‍ സെന്ററുകളില്‍ കഴിയുന്നവര്‍ക്ക് മാനസികോല്ലാസത്തിനുള്ള ക്രമീകരണങ്ങളും സജ്ജമാക്കണം. ദിനപ്പത്രങ്ങള്‍, മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ എന്നിവ ലഭ്യമാക്കണം. ടി.വി-സിനിമ കാണാനുള്ള സൗകര്യങ്ങള്‍ എന്നിവയും ഒരുക്കാവുന്നതാണ്. സെന്ററുകളില്‍ കഴിയുന്നവര്‍ക്ക് മൊബൈല്‍ ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യാനും റീച്ചാര്‍ജ്ജ് ചെയ്യാനും സൗകര്യങ്ങള്‍ ലഭ്യമാക്കണം. വ്യായാമം ചെയ്യാന്‍ നിരീക്ഷണത്തിലുള്ളവരെ പ്രേരിപ്പിക്കുകയും വ്യായാമത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും വേണം.