റോം: കോവിഡ് 19 മഹാമാരിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ആഫ്രിക്കൻ രാജ്യമായ സാംബിയായ്ക്കു വെന്‍റിലേറ്ററുകള്‍ അടക്കമുള്ള സഹായവുമായി ഫ്രാന്‍സിസ് പാപ്പ. വെൻറിലേറ്ററുകൾ, മുഖാവരണങ്ങൾ, ശ്വസന സഹായി ഉൾപ്പടെയുള്ളവയാണ് പരിശുദ്ധ സിംഹാസനം എത്തിച്ചിരിക്കുന്നത്. സാംബിയായിലെയും മലാവിയിലെയും അപ്പസ്തോലിക് ന്യൂൺഷോ ആർച്ച്ബിഷപ്പ് ജാൻഫ്രാങ്കൊ ഗല്ലോണെയാണ് പാപ്പയ്ക്കു വേണ്ടി മെയ് 25ന് സാംബിയായിലെ കത്തോലിക്ക മെത്രാൻ സംഘത്തിന് ഉപകരണങ്ങൾ കൈമാറിയത്.

കൊറോണ പകര്‍ച്ചവ്യാധി ബാധിച്ച മിഷന്‍ പ്രദേശങ്ങളുടെ സഹായത്തിനായി ഫ്രാന്‍സിസ് പാപ്പ അടിയന്തര കൊറോണ സഹായ നിധി തന്നെ ആരംഭിച്ചിരിന്നു. ഫണ്ടിലേക്കുള്ള ആദ്യ സംഭാവനയായി 7,50,000 ഡോളര്‍ നീക്കിവെച്ച പാപ്പ സഭാ സംഘടനകളോട് സഹായ നിധിയിലേക്ക് ഉദാരമായി സംഭാവനകള്‍ നല്‍കുവാന്‍ ആഹ്വാനം നല്‍കിയിരിന്നു. കോവിഡ് ആരംഭിച്ചതിന് ശേഷം വത്തിക്കാനിലെ പേപ്പല്‍ ചാരിറ്റീസ് ഓഫീസ് മുഖാന്തിരം ചൈനയിലേക്ക് മാസ്ക്കുകള്‍, ഇറ്റാലിയന്‍ ആശുപത്രിയിലേക്ക് മുപ്പതോളം മാസ്ക്കുകള്‍ തുടങ്ങീ നിരവധി സഹായങ്ങള്‍ പരിശുദ്ധ സിംഹാസനം ലഭ്യമാക്കിയിട്ടുണ്ട്.