കോഴിക്കോട് ജില്ലയില്‍ മൂന്ന് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ ജില്ലാ ഭരണകൂടം കനത്ത ജാഗ്രതയില്‍. കുവൈത്തില്‍ നിന്നു വന്ന രണ്ട് പേര്‍ക്കും ചെന്നൈയില്‍ നിന്നെത്തിയ നരിപ്പറ്റ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നരിപ്പറ്റ സ്വദേശിയുടെ കൂടെ ചെന്നൈയില്‍ നിന്നും നാട്ടിലെത്തിയ ഒമ്ബതു പേരുടെ സ്രവ സാമ്ബിള്‍ ഉടന്‍ പരിശോധനക്കയക്കുമെന്ന് ഡിഎംഒ അറിയിച്ചു.
ഈ മാസം 13ന് എയര്‍ ഇന്ത്യാ വിമാനത്തില്‍ കുവൈത്തില്‍ നിന്നുമെത്തിയ പേരാമ്ബ്ര സ്വദേശിയായ 55കാരനും ഒമശേരി സ്വദേശിയായ 51കാരനും ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററിലേക്കാണ് നേരെ പോയത്. ഓമശേരി സ്വദേശിക്ക് ഈ മാസം 14ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതിനു പിന്നാലെ രോഗ ലക്ഷണം പ്രകടിപ്പിച്ച പേരാമ്ബ്ര സ്വദേശിയേയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ രണ്ട് പേരുടേയും പരിശോധനാ ഫലമാണ് പോസിറ്റീവായത്.
ഇതിനു പുറമേ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 43കാരന് ഈ മാസം 11നാണ് ചെന്നൈയില്‍ നിന്നും നരിപ്പറ്റയിലെ വീട്ടിലെത്തിയത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഇയാളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാള്‍ ഈ മാസം 9നാണ് ചെന്നൈയില്‍ നിന്നും നാട്ടിലേക്ക് തിരിച്ചത്. പത്തിന് രാവിലെ വാളയാറില്‍ എത്തിയെങ്കിലും പാസില്ലാത്തതിനാല്‍ വൈകുന്നേരം വരെ അവിടെ തങ്ങി. തുടര്‍ന്ന് പോലീസ് സജ്ജമാക്കിയ വാഹനത്തിലാണ് വീട്ടിലെത്തിയത്. മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം 31 ആയി. ഇവരില്‍ 24 പേര് രോഗവിമുക്തി നേടി ആശുപത്രി വിട്ടു.