ആവേശത്തോടെ കാത്തിരിക്കുന്ന കോപ അമേരികയുടെ ബ്രസീല്‍-അര്‍ജന്റീന ഫൈനല്‍ കാണാന്‍ 10 ശതമാനം കാണികള്‍ക്ക് അനുമതി. കോവിഡിനെ തുടര്‍ന്നാണ് 78,000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള മാരകാനയില്‍ 7,800 പേര്‍ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനിച്ചത്.

ഓരോ ടീമിനും 2,200 ആരാധകരെ പ്രവേശിപ്പിക്കാന്‍ ടികെറ്റ് നല്‍കും. ബ്രസീലിലുള്ള അര്‍ജന്റീന ആരാധകര്‍ക്ക് ടികെറ്റ് നല്‍കാനാണ് അര്‍ജന്റീന ടീമിന്റെ തീരുമാനം.

ആവശ്യമായ പ്രതിരോധ നടപടികള്‍ പാലിച്ചാകും പ്രവേശനം അനുവദിക്കുക. അകത്ത് കടക്കുന്നതിന് 48 മണിക്കൂര്‍ മുമ്ബ് എടുത്ത കോവിഡ് പരിശോധന നെഗറ്റീവ് ഫലം കാണിക്കണം. അകത്ത് സാമൂഹിക അകലം പാലിക്കണം.

വിഖ്യാതമായ മാരകാന സ്റ്റേഡിയത്തില്‍ ഇന്‍ഡ്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ 5.30നാണ് കോപയുടെ കലാശപ്പോരില്‍ ബ്രസീലിനെ അര്‍ജന്റീന നേരിടുന്നത്. ലിയോണല്‍ മെസിയും-നെയ്മറും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടമാണിത്. ബ്രസീലാണ് കോപ അമേരികയില്‍ നിലവിലെ ചാമ്ബ്യന്‍മാര്‍. കിരീടം നിലനിര്‍ത്താന്‍ നെയ്മറുടെ ബ്രസീല്‍ ഇറങ്ങുമ്ബോള്‍ 1993ന് ശേഷം ആദ്യ കിരീടമാണ് മെസിയുടെ അര്‍ജന്റീന ലക്ഷ്യമിടുന്നത്.