കോട്ടയം: ജില്ലയില്‍ വിദേശത്തുനിന്നെത്തിയ ആറുപേര്‍ക്ക് ഇന്ന് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചുപേരും കോട്ടയം കളത്തിപ്പടിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലും ഒരാള്‍ ഹോം ക്വാറന്റൈനിലും കഴിയുകയായിരുന്നു. ആരിലും രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല. ഇവരില്‍ പനച്ചിക്കാട് കുഴിമറ്റം സ്വദേശിനി(36), മാഞ്ഞൂര്‍ സ്വദേശിനി(32), എരുമേലി സ്വദേശിനി(31), പനച്ചിക്കാട് സ്വദേശിനി(30) എന്നിവര്‍ മെയ് 26ന് കുവൈത്ത്- കൊച്ചി വിമാനത്തിലെത്തിയവരാണ്.

ഇവര്‍ക്കും മെയ് 27ന് കുവൈത്തില്‍നിന്നെത്തിയ കോട്ടയം പരിയാരം സ്വദേശിനിയായ നഴ്‌സിനു(27)മാണ് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയവെ രോഗം സ്ഥിരീകരിച്ചത്. ദുബയില്‍നിന്നെത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ഇടയിരിക്കപ്പുഴ സ്വദേശിയായ 82 കാരനാണ് രോഗം ബാധിച്ച ആറാമത്തെയാള്‍. പരിയാരം സ്വദേശിനി അഞ്ചുമാസം ഗര്‍ഭിണിയാണ്. പുതുതായി രോഗം സ്ഥിരീകരിച്ചവര്‍ ഉള്‍പ്പെടെ നിലവില്‍ 16 പേരാണ് ജില്ലയില്‍ രോഗ ബാധിതരായി ചികില്‍സയിലുള്ളത്. എല്ലാവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച ഏഴുപേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ദുബയില്‍നിന്നെത്തിയ ചങ്ങനാശ്ശേരി നാലുകോടി സ്വദേശി(79), ഇദ്ദേഹത്തിന്റെ ഭാര്യ(71), ഇവരുടെ ബന്ധു(30), ദുബയില്‍നിന്നെത്തിയ ചങ്ങനാശേരി പെരുന്ന സ്വദേശിനിയായ ദന്തഡോക്ടര്‍(28), ചെന്നൈയില്‍നിന്നെത്തിയ ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശി(24), നേരത്തെ രോഗമുക്തയായ മീനടം സ്വദേശിനിയുടെ പിതാവ് (58), ദുബയില്‍നിന്നെത്തിയ വൈക്കം ഇരുമ്ബൂഴിക്കര സ്വദേശി(37) എന്നിവര്‍ക്കാണ് രോഗം ഭേദമായത്. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 34 ആയി.