കോട്ടയം: കോട്ടയം നാട്ടകത്തു നിന്നു കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ വൈക്കം വെച്ചൂരില്‍ നിന്നും കാണാതായ ജിഷ്ണു ഹരിദാസിന്റേതെന്ന് തിരിച്ചറിഞ്ഞു. ബന്ധുക്കള്‍ ജിഷ്ണുവിന്റെ വസ്ത്രങ്ങളും ചെരുപ്പും തിരിച്ചറിഞ്ഞു. അതേ സമയം ജിഷ്മുവിന്‍റെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ രംഗത്ത് എത്തി.

‍കുമരകത്തെ ബാറിലെ ജീവനക്കാരനായ ജിഷ്ണു ഹരിദാസിനെ ജൂണ്‍ മൂന്ന് മുതലാണ് കാണാതായത്. ഇന്നലെ മറിയപള്ളിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കാട് നീക്കുന്നതിനിടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. ‌

‌ണ്ട് മൊബൈല്‍ ഫോണുകള്‍, വസ്ത്രം, ചെരുപ്പ് എന്നിവ പരിശോധിച്ചാണ് മൃതദേഹം ജിഷ്ണുവിന്റേത് എന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. ജിഷ്ണു ആത്മഹത്യ ചെയ്യില്ലെന്നും ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. യുവാവിന്റെ കഴുത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണമാല നഷ്ടപ്പെട്ടതായും ബന്ധുക്കള്‍ പറ‍ഞ്ഞു. വിശദ അന്വേഷണം ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ കുടുംബം എസ്പിക്ക് പരാതി നല്‍കി. എസ്പിസിഎസ് വക ഭൂമിയില്‍ എംസി റോഡില്‍ നിന്ന് 200 മീറ്റര്‍ മാത്രം മാറിയായിരുന്നു മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടത്.