കോട്ടയം ജില്ലയില്‍ കൊവിഡ് രോഗ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവിട്ടിരുന്നു. സമ്പര്‍ക്ക വ്യാപനം തടയുന്നതിന് ലക്ഷ്യമിടുന്ന നിയന്ത്രണങ്ങള്‍ നാളെ മുതല്‍ ഒരു മാസത്തേക്കാണ്. നിയമ നിര്‍വഹണവുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും അവശ്യ സേവന വിഭാഗങ്ങള്‍ക്കും ഇവ ബാധകമായിരിക്കില്ല.
ജില്ലയിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ.
- ജില്ലയില്‍ എല്ലാവരും മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. സാമൂഹിക അകലം, മാസ്‌കിന്റെ ഉപയോഗം, സാനിറ്റൈസേഷന്‍ എന്നിവ ഉറപ്പാക്കണം.
- വിവാഹച്ചടങ്ങുകള്‍ക്ക് പരമാവധി 50 പേരെയും മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേരെയുമാണ് അനുവദിക്കുക.
- സര്‍ക്കാര്‍ ചടങ്ങുകള്‍, മത ചടങ്ങുകള്‍, പ്രാര്‍ത്ഥനകള്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പരിപാടികള്‍ എന്നിവയ്ക്ക് പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ.
- മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്റുകള്‍, പൊതുഗതാഗത സംവിധാനം, ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, റസ്റ്റോറന്റുകള്‍, തൊഴിലിടങ്ങള്‍, ആശുപത്രികള്‍, വ്യവസായ ശാലകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയും പരീക്ഷകളും റിക്രൂട്ട്‌മെന്റുകളും വിവിധ തലങ്ങളില്‍ അനുവദനീയമായ വാണിജ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക അകലവും ബ്രേക് ദ ചെയിന്‍ പ്രോട്ടോക്കോളും പാലിച്ചു മാത്രമേ നടത്താവൂ.
- മുകളില്‍ പരാമര്‍ശിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒഴികെ പൊതു സ്ഥലങ്ങളില്‍ അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടം ചേരുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
അതോടൊപ്പം തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള മാര്‍ക്കറ്റുകളും ബസ് സ്റ്റാന്‍ഡുകളും ജനങ്ങള്‍ കൂടുതലായി എത്തുന്ന മറ്റു പൊതുസ്ഥലങ്ങളും ദിവസം ഒരു തവണയെങ്കിലും അണുനശീകരണം നടത്തുന്നതിന് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.