ഷിക്കാഗോ ∙ കൊറോണ വൈറസിന് വായുവിലൂടെ എത്രദൂരം സഞ്ചരിക്കാനാകുമെന്ന് ഗവേഷണം നടത്തുന്ന സംഘത്തിന്റെ തലപ്പത്ത് ഇന്ത്യന്‍ അമേരിക്കന്‍ വംശജനായ ഡോ. ജയന്ത് പിന്റൊവിനെ നിയമിച്ചു. യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗൊ മെഡിസിനാണ് പിന്റൊയെ നിയമിച്ച കാര്യം അറിയിച്ചത്.
കൊറോണ വൈറസിന്റെ വ്യാപനം അധികവും നടക്കുന്നത് ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്സിലാണെന്നും, ഇവരിലൂടെ പുറത്തു വരുന വൈറസിന് വായുവിലൂടെ എത്രദൂരം സഞ്ചരിക്കാനാകുമെന്നാണ് ഗവേഷണത്തിനാധാരമാക്കിയിരിക്കുന്നത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍, ജോലിസ്ഥലങ്ങളിലും, സ്റ്റോറുകളിലും ജോലി ചെയ്യുന്നവര്‍, കോവിഡിന്റെ ലക്ഷണങ്ങള്‍ പുറത്തറിയാതെ രോഗത്തിനടിമപ്പെട്ടവര്‍ എന്നിവരില്‍ നിന്നും മറ്റുള്ളവര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ചും ഡോ. പിന്റോയുടെ നേതൃത്വത്തിലുള്ള സംഘം ഗവേഷണം നടത്തും.
സോഷ്യല്‍ ഡിസ്റ്റന്‍സിങ് ആറടി എന്നതു പഴയ സങ്കല്പമാണെന്നും ഇത്രയും ദൂരം സൂക്ഷിച്ചാല്‍ രോഗവ്യാപനം തടയാന്‍ കഴിയുമെന്ന് ഉറപ്പില്ലെന്നും ഗവേഷകര്‍ കരുതുന്നു. കോവിഡ് രോഗികളില്‍ നിന്നും പുറത്തുവരുന്ന വൈറസിനെ പത്തടി ദൂരത്തില്‍ മോണിറ്റര്‍ ചെയ്തു വൈറസിന്റെ സഞ്ചാരശേഷി കണക്കാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കും ഗവേഷകര്‍ നേതൃത്വം നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ പിപിഇ രൂപം നല്കുവാന് കഴിയുമെന്നാണ് വിശ്വസിക്കുന്നത്.