ന്യൂഡല്‍ഹി: കൊവിഡ് ചികില്‍സാ രംഗത്ത് പ്ലാസ്മാ തെറാപ്പിയുടെ ഉപയോഗത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. കൊവിഡ് ചികില്‍സയുടെ ഭാഗമായി ഉപയോഗിക്കുന്ന റെംഡെസിവിര്‍ ഗുളികയുടെ പൊതുവായ ഉപയോഗത്തെ കുറിച്ചും മന്ത്രി മുന്നറിയിപ്പു നല്‍കി.

പ്ലാസ്മാ തെറാപ്പിയും റെംഡെസിവിര്‍ ടാബ് ലെറ്റും കൊവിഡ് ചികില്‍സയില്‍ ഉപയോഗിക്കുന്നതിനെ കുറിച്ച്‌ പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നും അത് പരീക്ഷണഘട്ടത്തിലാണെന്നും അതുതൊണ്ടുതന്നെ അവയുടെ ഉപയോഗം യുക്തിപൂര്‍വമാവണമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ 60 ശതമാനം രോഗികളുള്ള മഹാരാഷ്ട്രയിലും ഡല്‍ഹിയിലും പ്ലാസ്മ തെറാപ്പിയും റെംഡെസിവര്‍ ഗുളികയും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഡല്‍ഹിയിലെ രണ്ട് മന്ത്രിമാരില്‍ പ്ലാസ്മാ തെറാപ്പി പരീക്ഷണം വിജയിച്ചതിനെ തുടര്‍ന്ന് അതിന്റെ ഉപയോഗം പിന്നെയും വര്‍ധിച്ചു. ഈ രണ്ട് ചികില്‍സാവിധികളുടെയും ഉപയോഗത്തെ കുറിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ പതിവായി നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികള്‍ക്കും ഇതേ നിര്‍ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ഡോക്ടര്‍മാര്‍ക്ക് വെബിനാറുകള്‍ വഴി ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഡല്‍ഹി സര്‍ക്കാരിലെ ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനും ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയ്ക്കും കൊവിഡ് ബാധ തീവ്രമായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രികളില്‍ പ്ലാസ്മ തെറാപ്പി നല്‍കിയിരുന്നു. മരണനിരക്ക് കുറയ്ക്കുന്നതിലും രോഗതീവ്രത കുറയ്ക്കുന്നതിലും പ്ലാസ്മാ തെറാപ്പിയ്ക്ക് വലിയ പങ്കൊന്നുമില്ലെന്ന് ഐസിഎംആര്‍ പ്രഖ്യാപിച്ചതിനു തൊട്ടടുത്ത ദിവസമാണ് മന്ത്രി ജെയിന്‍നെ സ്വകാര്യ ആശുപത്രിയില്‍ പ്ലാസ്മാ തെറാപ്പിക്ക് വിധേയനക്കിയത്.

‘ആയിരത്തിലധികം കൊവിഡ് രോഗികള്‍ക്ക് ഡല്‍ഹിയില്‍ പ്ലാസ്മാ ചികില്‍സ നല്‍കിയിട്ടുണ്ട്, അവരില്‍ ഭൂരിഭാഗത്തിനും പ്രയോജനം ലഭിച്ചു; അവരുടെ ജീവന്‍ രക്ഷിക്കപ്പെട്ടു. എനിക്കറിയാം, ഞാനും അതുവഴി സുഖം പ്രാപിച്ചു,’ 100 വര്‍ഷം പഴക്കമുള്ള പ്ലാസ്മാ തെറാപ്പിയെ താന്‍ വിശ്വസിക്കുന്നുവെന്നും ജെയിന്‍ പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്.

സാധാരണ ചികില്‍സാ രീതിയെന്ന പോലെ പ്ലാസ്മാ തെറാപ്പി ഉപയോഗിക്കരുതെന്ന് മന്ത്രി ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികളെയും അറിയിച്ചിട്ടുണ്ട്. വൃക്ക, കരള്‍ രോഗികളില്‍ റെംഡെസിവിര്‍ ടാബ്‌ലെറ്റ് ഉപയോഗിക്കുന്നതിനെതിരേയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.