തിരുവനന്തപുരം: ഇന്ത്യയില്‍ ആദ്യമായി കൊവിഡ് ബാധ സ്ഥിരീകരിച്ചതിന്റെ നൂറാം ദിനം കേരളം ആശ്വാസ തീരത്തേക്ക്. ആദ്യ കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിന്റെ നൂറാം ദിനം സംസ്ഥാനത്തു കോവിഡ് ചികിത്സയിലുള്ളത് 16 പേര്. ഇന്നലെ എറണാകുളത്ത് ഒരാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. പത്തു പേര്‍ക്കു രോഗം ഭേദമായി. കേരളത്തില്‍ ഇതുവരെ 503 പേര്‍ക്കാണ് രോഗം പിടിപെട്ടത്. ചെന്നൈയില്‍ നിന്നു വന്ന യുവതിക്കാണ് എറണാകുളത്തു രോഗം സ്ഥിരീകരിച്ചത്. ഇവര്‍ വൃക്കരോഗി കൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
ഇന്നലെ നെഗറ്റീവ് ആയ പത്തു പേരും കണ്ണൂരിലാണ്. 20,157 പേരാണ് ഇപ്പോള്‍ സംസ്ഥാനത്തു നിരീക്ഷണത്തിലുള്ളത്. സംസ്ഥാനത്തു ചികിത്സയിലുള്ള പതിനാറു പേരില്‍ അഞ്ചു പേര് കണ്ണൂരിലാണ്. വയനാട്- 4, കൊല്ലം-3, ഇടുക്കി, എറണാകുളം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഓരോരുത്തര് വീതമാണ് ചികിത്സയിലുള്ളത്. എറണാകുളത്ത് ഒരാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് മുക്ത ജില്ലകള്‍ ഏഴായി കുറഞ്ഞു. 33 ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇന്നലെ 127 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 35,856 പേരുടെ സാന്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 35,355 സാന്പിളുകള്‍ നെഗറ്റീവായി. മുന്‍ഗണനാ വിഭാഗങ്ങളില്‍ നിന്നു ശേഖരിച്ച 3380 സാന്പിളുകളില്‍ 2939 എണ്ണം നെഗറ്റീവ് ആയി.
ഇന്ത്യയില്‍ ആദ്യമായി കേരളത്തിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍നിന്നും എത്തിയ വിദ്യാര്‍ഥിക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. ജനുവരി 30 ന് ആയിരുന്നു ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വിദ്യാര്‍ഥിയെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ച് ചികിത്സിച്ചതിനാല്‍ മറ്റൊരാള്‍ക്കും ഈ വിദ്യാര്‍ഥിയില്‍നിന്നും കൊവിഡ് ബാധിച്ചില്ല. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധയുടെ ആദ്യഘട്ടം വിജയകരമാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു.