തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും പാവങ്ങളുടെയും സാധാരണക്കാരുടേയും പ്രശ്‌നങ്ങള്‍ പരിഹിക്കാന്‍ സര്‍ക്കാരിനു കഴിയാത്തതില്‍ പ്രതിഷേധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ ‘സ്പീക്ക് ഇന്ത്യ’ ദേശീയ കാംപയിനുമായി കോണ്‍ഗ്രസ് രംഗത്ത്. മെയ് 28ന് രാവിലെ 11 മുതല്‍ രണ്ടു വരെയാണ് കാംപയിന്‍ നടത്തുകയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ മുതല്‍ സാധാരണ പ്രവര്‍ത്തകര്‍ വരെ അവരവരുടെ സോഷ്യല്‍ മീഡിയാ പ്രൊഫൈല്‍ വഴി പ്രചാരണത്തില്‍ പങ്കാളികളാവും. 50 ലക്ഷം പേരാണ് ഇത്തരത്തില്‍ രാജ്യവ്യാപകമായി നടത്തുന്ന കാംപയിനില്‍ പങ്കാളികളാവുക.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം നാട്ടിലെത്താനുള്ള ക്രമീകരണം പൂര്‍ത്തിയാക്കാനായിട്ടില്ല. ഇന്ത്യയുടെ യഥാര്‍ത്ഥ സ്ഥിതി മനസ്സിലാക്കാന്‍ ഇതുവരെ കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കാനാണ് പ്രതിഷേധം. 20 ലക്ഷം കോടി രൂപയുടെ പുകമറയില്‍ നില്‍ക്കുകയാണ് ഇപ്പോഴും കേന്ദ്ര സര്‍ക്കാര്‍. ചെറുകിട വ്യവസായങ്ങള്‍ക്ക് സഹായം നല്‍കാന്‍ ഇതുവരെ കഴിഞ്ഞില്ല. പ്രയാസമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാകാന്‍ കേന്ദ്രത്തിന് സാധിച്ചില്ല. രോഗവ്യാപനം കൂടിയ അന്തരീക്ഷത്തിലാണ് ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് ആറ് മാസത്തേക്ക് നേരിട്ട് 7500 രൂപ പ്രതിമാസം നല്‍കാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളണം. കൂടാതെ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കണം. സര്‍ക്കാരിന്റെ ഏതു തെറ്റ് ചൂണ്ടിക്കാട്ടിയാലും അവരെ ദേശവിരുദ്ധരെന്നു മുദ്രകുത്താനാണ് കേന്ദ്രശ്രമം. പ്രവാസികള്‍ നാട്ടിലെത്തിയാല്‍ ക്വാറൈന്റനു പണം നല്‍കണമെന്ന സര്‍ക്കാരിന്റെ നിലപാട് ക്രൂരമാണെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.