കൊവിഡ് വ്യാപിക്കുന്ന സാഹചര്യമുണ്ടായാല്‍ വയനാട് ജില്ലയില്‍ ഡൊമിസിലറി കെയര്‍ സെന്ററുകള്‍ കൂടി തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടുകളില്‍ ഐസോലേഷനില്‍ കഴിയാന്‍ വേണ്ടത്ര സൗകര്യമില്ലാത്ത രോഗികളെയാണ് ഡൊമിസിലറി കെയര്‍ സെന്ററുകളില്‍ പാര്‍പ്പിക്കുക. ആദ്യഘട്ടത്തില്‍ എഫ്എല്‍ടിസികളോട് ചേര്‍ന്നാണ് സെന്ററുകള്‍ സ്ഥാപിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് ജില്ലയില്‍ കോര്‍പ്പറേഷന്‍ പരിധിയിലെ തീരദേശ മേഖലയിലാണ് രോഗികള്‍ കൂടുതലുളളത്. തീരദേശ മേഖലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്കായി പ്രത്യേക ടീമിനെ നിയോഗിച്ചു. തീരദേശ പൊലീസ് സ്റ്റേഷനുകളെ ഉള്‍പ്പെടുത്തി ജാഗ്രത സമിതികള്‍ രൂപീകരിച്ചു. കണ്ണൂരില്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ സ്രവ പരിശോധനക്ക് തിരക്ക് ഒഴിവാക്കുന്നതിന് പുതിയ ക്രമീകരണം ഏര്‍പ്പെടുത്തും. ഇതിനായി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ രണ്ട് പുതിയ കിയോസ്‌ക്കുകള്‍ സജ്ജീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.