കൊവിഡില്‍ നിന്ന് മനുഷ്യന് കവചമൊരുക്കാന്‍ ജീവന്‍ നഷ്ടമാവുക 5 ലക്ഷത്തോളം സ്രാവുകള്‍ക്കെന്ന് വിദഗ്‌ധരുടെ റിപ്പോര്‍ട്ട്. ലോകത്തെ മുഴുവന്‍ ആളുകള്‍ക്ക് രണ്ട് ഡോസ് കൊവിഡ് വാക്സിനായി കൊല്ലേണ്ടി വരുന്നത് അഞ്ച് ലക്ഷത്തോളം സ്രാവപകളെയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊവിഡ് വാക്സിന്‍ കണ്ടെത്താനായി പരിശ്രമിക്കുന്ന എല്ലാ സ്ഥാപനങ്ങളുടേയും പ്രധാന ഘടകമാണ് സ്രാവുകളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന ഓയില്‍. ഷാര്‍ക്ക് ലിവര്‍ ഓയിലില്‍ നിന്ന് വേര്‍തിരിക്കുന്ന സ്ക്വാലീന്‍ എന്ന പദാര്‍ത്ഥത്തിനായാണ് സ്രാവുകളെ കൊന്നൊടുക്കുന്നത്. ഒരു ടണ്‍ സ്ക്വാലീന്‍ ഉല്‍പാദിപ്പിക്കുന്നതിനായി 3000 സ്രാവുകളെയാണ് ആവശ്യമായി വരുന്നത്.
ലോകത്തിലെ ഓരോരുത്തരേയും ഒരു ഡോസ് കൊവിഡ് വാക്സിന്‍ ഉപയോഗിച്ച് പ്രതിരോധ ശേഷി വരുത്തണമെങ്കില്‍ 250000 സ്രാവുകളെ ആവശ്യമായി വരും. രണ്ട് ഡോസ് വാക്സിനാണ് വേണ്ടി വരുന്നതെങ്കില്‍ ഇത് 500000 ആയി ഉയരുമെന്നാണ് കാലിഫോര്‍ണിയ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷാര്‍ക് അലൈസ് വിശദമാക്കുന്നത്.
ഇങ്ങനെ സ്രാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിദഗ്‌ധരുടെ മുന്നറിയിപ്പ്. വംശനാശ ഭീഷണി നേരിടുന്ന ഒരു വിഭാഗം ജീവികളെ വാക്‌സിന്‍ നിര്‍മ്മാണത്തിനായി വ്യാപകമായി കൊല്ലുന്നത് സുസ്ഥിരമായ പരിഹാരം സൃഷ്ടിക്കില്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.