റഷ്യ വികസിപ്പിച്ച സ്പുട്നിക് v കൊവിഡ് വാക്സിൻ ലഭിച്ചവർ രണ്ട് മാസത്തേക്ക് മദ്യം ഉപയോ​ഗിക്കരുതെന്ന് മുന്നറിയിപ്പ്. റഷ്യൻ ഉപ പ്രധാനമന്ത്രിയാണ് ഇത് സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വാക്സിൻ ശരീരത്തിൽ പ്രവർത്തിച്ച് തുടങ്ങുന്നത് വരെ മദ്യത്തിന്റെ ഉപയോ​ഗത്തിൽ നിന്ന് അകന്ന് നിൽക്കാനാണ് നിർദേശം.

21 ദിവസത്തെ ഇടവേളകളിലായി രണ്ട് തവണയാണ് സ്പുട്നിക്ക് v കുത്തി വയ്ക്കുക. ഈ സമയത്ത് മദ്യം ഉപയോ​ഗിക്കുന്നത് വാക്സിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഒപ്പം വാക്സിൻ ലഭിച്ചവർ മാസ്ക് ഉപയോ​ഗം, സാനിറ്റാസർ ഉപയോ​ഗം, ജനക്കൂട്ടങ്ങളിൽ നിന്ന് അകന്ന് നിൽക്കൽ എന്നിവ പാലിക്കണമെന്നും അധികൃതർ പറഞ്ഞു.

ലോകത്ത് ഏറ്റവും കൂടുതൽ മദ്യം ഉപയോ​ഗിക്കുന്ന രാജ്യങ്ങളിൽ റഷ്യയുടെ സ്ഥാനം നാലാമതാണ്. ഈ പശ്ചാത്തലത്തിൽ അധികൃതരുടെ നിർദേശം ജനങ്ങളെ വിഷമിപ്പിച്ചിട്ടുണ്ട്. ആരോ​ഗ്യ മന്ത്രി മിഖായേൽ മുരഷ്കോ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇതുവരെ ഒരു ലക്ഷത്തിലധികം ഹൈ റിസ്ക് വിഭാ​ഗക്കാർക്ക് വാക്സിൻ നൽകി കഴിഞ്ഞു.

ഇന്ത്യയിലും സ്പുട്നിക് v പരീക്ഷണം പുരോ​ഗമിക്കുകയാണ്. ഡോ.റെഡ്ഡീസിന് പരീക്ഷണം നത്തുവാൻ ഡിജിസിഐ അനുമതി നൽകിയതിന് പിന്നാലെ കാൺപൂരിലെ ​ഗണേശ് ശങ്കർ വിദ്യാർത്ഥി മെഡിക്കൽ കോളജിലാണ് ഇന്ത്യയിൽ സ്പുട്നിക് v പരീക്ഷണം പുരോ​ഗമിക്കുന്നത്.