മാഹി: കണ്ണൂരില്‍ മരിച്ച മാഹി സ്വദേശി മെഹ്റൂഫിനെ കൊവിഡ് മൂലം കേരളത്തില്‍ മരിച്ചവരുടെ ലിസ്റ്റില്‍ ഉള്‍പെടുത്തണമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി ആവശ്യപ്പെട്ടു.
മെഹ്റൂഫിനെ കേരളത്തിന്റെ ലിസ്റ്റില്‍ ഉള്‍പെടുത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശം പാലിക്കാന്‍ കേരളത്തിന് ബാധ്യതയുണ്ട്, ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് തീരുമാനം എടുക്കണം.വിവാദങ്ങള്‍ക്ക് താല്‍പ്പര്യമില്ല .എന്നാല്‍ കേന്ദ്രനിര്‍ദേശം അനുസരിച്ചേ പുതുച്ചേരിക്കും പ്രവര്‍ത്തിക്കാനാവു -നാരായണസ്വാമി പറഞ്ഞു.
കൊവിഡ് രോഗം സ്ഥിരീകരിച്ചതും മരിച്ചതും എവിടെയാണോ അവിടത്തെ ലിസ്റ്റില്‍ മരിച്ചയാളെ ഉള്‍പെടുത്തണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം . എന്നാല്‍ മെഹ്റൂഫ് മരിച്ചത് കേരളത്തിലാണെങ്കിലും മാഹി സ്വദേശിയായതിനാല്‍ പുതുച്ചേരിയുടെ കണക്കില്‍ വരേണ്ടതാണെന്നാണ് കേരള സര്‍ക്കാര്‍ പറയുന്നത്. ഏപ്രില്‍ പതിനൊന്നിന് കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ച മെഹ്റൂഫിന്റെ മൃതദേഹം കൊവിഡ് ഭീതിയില്‍ നാട്ടിലേക്ക് കൊണ്ടുപോയില്ല. മെഡിക്കല്‍ കോളേജിന് തൊട്ടടുത്ത് പരിയാരം കോരന് പീടിക ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് സംസ്കരിച്ചത്.