പത്തനംതിട്ടയിൽ കൊവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം മാറി വീട്ടിൽ എത്തിച്ചു. ചാലാപ്പള്ളിയിലാണ് സംഭവം. ഇന്ന് കൊവിഡ് ബാധിച്ച് മരിച്ച ചാലാപ്പള്ളി സ്വദേശി പുരുഷോത്തമന്റെ മൃതദേഹത്തിന് പകരം രണ്ട് ദിവസം മുൻപ് കൊവിഡ് ബാധിച്ച് മരിച്ച കോന്നി സ്വദേശിനി ചിന്നമ്മ ഡാനിയലിന്റെ മൃതദേഹമാണ് വീട്ടിൽ എത്തിച്ചത്.
പത്തനംതിട്ട ജില്ലാ ആശുപത്രിയിലാണ് സംഭവം. കൊവിഡ് ചികിത്സയിലായിരുന്ന പുരുഷോത്തമൻ രോഗം മൂർച്ഛിച്ച് ഇന്ന് രാവിലെയാണ് മരിച്ചത്. തുടർന്ന് മൃതദേഹം ആംബുലൻസിൽ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. വീട്ടുകാർക്ക് കൈമാറുന്നതിന് മുന്നേ പിഴവ് മനസിലായതോടെ മൃതദേഹം തിരികെ കൊണ്ടുപോയി. ആംബുലൻസ് ഡ്രൈവർക്ക് തെറ്റുപറ്റിയതാണ് മൃതദേഹം മാറാൻ കാരണമായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.