ഡല്‍ഹി : കോവിഡ് വൈറസ് വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ പ്രതിരോധ പ്രവത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി കേന്ദ്ര സര്‍ക്കാര്‍. വരും ദിവസങ്ങളില്‍ ആറുലക്ഷം ആന്‍റിജന്‍ പരിശോധന നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച യോഗത്തിലാണ് ഡല്‍ഹിയില്‍ ദ്രുതപരിശോധന കൂട്ടാനുള്ള തീരുമാനമെടുത്തത്.

കൊറോണ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി 169 പരിശോധന കേന്ദ്രങ്ങള്‍ കൂടി ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വെന്റിലേറ്ററുകളും ആംബുലന്‍സുകളും ഡല്‍ഹിക്ക് നല്‍കും. കൊവിഡ് പരിശോധനാ ഫീസ് 4500 -ല്‍ നിന്ന് 2400 ആയി കുറയ്ക്കുകയും ചെയ്തു.

ഡല്‍ഹിയിലെ കൊറോണ വൈറസ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് ഡല്‍ഹിയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തത്.