കണ്ണൂര്‍ | കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച കോഴിക്കോട് അഴിയൂര്‍ സ്വദേശിയുടെ സ്രവ പരിശോധന ഫലം നെഗറ്റീവ്. കോഴിക്കോട് അഴിയൂര്‍ സ്വദേശിയായ 62കാരന്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ഇന്നലെയാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാക്കിയ ഇയാള്‍ വിദേശത്ത് നിന്നെത്തി ക്വാറന്റീനില്‍ കഴിയുകയായിരുന്നുവെന്ന കാര്യം ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് പറയാതിരുന്നത് ആശങ്കയുണ്ടാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കം നിരവധി പേരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരുന്നു. ഫലം നെഗറ്റീവയതിനാല്‍ ക്വാറന്റൈന്‍ പിന്‍വലിക്കും.

ഈ മാസം 17 നാണ് ഇയാള്‍ ഭാര്യയോടൊപ്പം ഷാര്‍ജയില്‍ നിന്ന് നാട്ടിലെത്തിയത്. വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീണ ഇയാളെ ആദ്യം മാഹി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൊവിഡ് നിരീക്ഷണത്തിലുള്ള ആളായിരുന്നു എന്ന് ബന്ധുക്കള്‍ ആദ്യം ആശുപത്രിയില്‍ പറഞ്ഞില്ല. ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാതെയാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്രവ പരിശോധനാ ഫലം നെഗറ്റീവായ സാഹചര്യത്തില്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.