ബെയ്ജിങ്: കൊറോണയ്‌ക്കെതിരേയുള്ള വാക്‌സിനുകള്‍ ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ എത്തുമെന്ന് ചൈന. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അസറ്റ് സൂപ്പര്‍ വിഷന്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷനാണ് ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വീചാറ്റിലെ മെയ് 29 ലെ പോസ്റ്റില്‍ ഇക്കാര്യം അറിയിച്ചത്.

വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോളജിക്കല്‍ പ്രോഡക്ടസും ബെയ്ജിങ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോളജിക്കല്‍ പ്രോഡക്ടസും ആണ് വാക്‌സിനുകള്‍ വികസിപ്പിച്ചെടുത്തത്. ഇതുവരെ രണ്ടായിരത്തിലധികം ആളുകളില്‍ പരീക്ഷിച്ചതായും പറയുന്നു. വാക്‌സിനുകളുടെ രണ്ടാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചു. വാക്‌സിനുകള്‍ വികസിപ്പിക്കാന്‍ എല്ലാ രാജ്യങ്ങളും തീവ്രശ്രമം തുടരുകയാണ്. എന്നാല്‍, ഇതുവരെയും ഫലപ്രദമായ മരുന്നുകള്‍ ഒന്നും തന്നെ കണ്ടെത്താന്‍ ആയിട്ടില്ല. ഈ വര്‍ഷം അവസാനമോ 2021 ന്റെ തുടക്കത്തിലോ ഒരു വാക്‌സിന്‍ വിപണിയില്‍ തയ്യാറാകുമെന്നാണ് പറയുന്നത്.

വാക്‌സിന്‍ വികസിപ്പിക്കുന്ന രണ്ട് ഗ്രൂപ്പുകളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രൂപ്പായ സിനോഫാര്‍മുമായി ബന്ധപ്പെട്ടിരിക്കുന്നു. ബെയ്ജിങ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്‌ട്‌സിന് 10 കോടി മുതല്‍ 12 കോടിവരെ ഡോസുവരെ വാര്‍ഷിക ഉല്‍പാദന ശേഷിയുണ്ടായിരിക്കുമെന്നും പറയുന്നു. എന്നാല്‍ ഇതിനോട് കമ്ബനികളൊന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല.