- ഡോ. ജോസഫ് മാര്‍ തോമസ്
കെ.സി.ബി.സി. സെക്രട്ടറി ജനറല്‍ & ബത്തേരി രൂപതാദ്ധ്യക്ഷന്‍
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആത്മീയശുശ്രൂഷകള്‍ ദേവാലയങ്ങളില്‍ പരിമിതപ്പെടുത്തിയിരിക്കുന്ന കാലയളവിലാണല്ലോ നാം ജീവിക്കുന്നത്. ആദിമസഭകളില്‍ അപ്പം മുറിക്കല്‍ ശുശ്രൂഷ, പ്രാര്‍ത്ഥന കൂട്ടായ്മ ഇവയെല്ലാം നടന്നിരുന്നത് കുടുംബങ്ങളിലാണ്. നമ്മുടെ കുടുംബങ്ങളെ പരിശുദ്ധമായ ദേവാലയമായി, വിദ്യാലയമായി മാറ്റുവാന്‍ ഈ സന്ദര്‍ഭത്തില്‍ നമുക്കു സാധിക്കും. നടപടിക്രമം ഒന്നാം അധ്യായം പതിനാലാം വാക്യം (അപ്പ. 1/14) വായിക്കുമ്പോള്‍ ‘അവര്‍ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും അവന്റെ സഹോദരരോടുമൊപ്പം പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു എന്ന് മനസ്സിലാക്കുന്നു.
പെന്തക്കുസ്താ തിരുനാളിനുവേണ്ടി കാത്തിരിക്കുന്ന ഒരു കാലയളവാണിത്. മെയ് മാസം പരിശുദ്ധ മാതാവിന്റെ മാദ്ധ്യസ്ഥ്യം യാചിക്കുന്ന സന്ദര്‍ഭവുമാണ്. അപ്പസ്‌തോലന്മാര്‍ മാതാവിന്റെ നേതൃത്വത്തില്‍ ഏകമനസ്സോടെ പ്രാര്‍ത്ഥിച്ചതുപോലെ നമുക്കും ഏകമനസ്സോടെ പ്രാര്‍ത്ഥിക്കുകയും മാതാവിന്റെ മാദ്ധ്യസ്ഥ്യം യാചിച്ചുകൊണ്ട് മെയ് ഒന്നു മുതല്‍ പെന്തിക്കോസ്തി തിരുനാള്‍ (മെയ് 31) വരെ ജപമാല പ്രാര്‍ത്ഥന പ്രത്യേകം ഭക്തിയോടെ (കൊറോണ വൈറസില്‍ നിന്ന് മോചനം പ്രാപിക്കുന്നതിന്) നടത്തുകയും ചെയ്യാം. കോവിഡ്-19 കടന്നുപോകുവാനും പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ പുതുചൈതന്യം പ്രാപിക്കുവാനും പ്രാര്‍ത്ഥിക്കാം.
നാടിന്റെ സുസ്ഥിതിക്കുവേണ്ടി അടുത്ത ഞായറാഴ്ച കേരളത്തിലെ എല്ലാ മതനേതാക്കന്മാരും ഒന്നിച്ച് സര്‍വ്വമത പ്രാര്‍ത്ഥന നടത്തുവാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. കെ.സി.ബി.സി-യുടെ നേതൃത്വത്തില്‍ അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് എറണാകുളത്തും, മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അഭിവന്ദ്യ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ തിരുമേനിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തും, കെ.ആര്‍.എല്‍.സി. ചെയര്‍മാന്‍ അഭിവന്ദ്യ മാര്‍ ജോസഫ് കരിയില്‍ പിതാവിന്റെ അധ്യക്ഷതയില്‍ കൊച്ചിയിലും വിവിധ മതവിഭാഗങ്ങള്‍ ഒന്നിച്ചു പ്രാര്‍ത്ഥിക്കുന്നു. നമുക്കും ഈ പിതാക്കന്മാരോടു ചേര്‍ന്ന് ഒരു മനസ്സോടെ പ്രാര്‍ത്ഥിക്കുകയും ഒന്നിച്ച് ദൈവകരുണ യാചിക്കുകയും ചെയ്യാം.
കൊറോണ വൈറസിന്റെ വ്യാപനം മാനവകുലത്തിനു മുഴുവന്‍ വെല്ലുവിളി ഉയര്‍ത്തുന്നു. അതുവഴി കടന്നുവരുന്ന പ്രതിസന്ധി പ്രവചനാതീതമാണ്. രണ്ടാം ലോകമഹായുദ്ധ കാലത്തും അതിനുശേഷവും ഭീകരമായ ഭക്ഷ്യക്ഷാമം ഉണ്ടായി. അതുപോലെയുള്ള സാഹചര്യങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. പഴയനിയമത്തില്‍ പൂര്‍വ്വപിതാവായ യൗസേപ്പ്, ഫറവോയ്ക്ക് സ്വപ്നം വ്യാഖ്യാനിച്ചുകൊടുത്ത സംഭവം നമുക്കറിയാം – നൈല്‍ നദിയില്‍ നിന്ന് കയറിവന്ന ഏഴ് കൊഴുത്ത പശുക്കളും, ഏഴ് മെലിഞ്ഞ പശുക്കളും. കൊഴുത്ത പശുക്കളെ മെലിഞ്ഞ പശുക്കള്‍ ഭക്ഷിച്ചു. ജോസഫ് സ്വപ്നം വ്യാഖ്യാനിച്ചുകൊണ്ട് ഭരണാധിപനോടു പറഞ്ഞു: ഈജിപ്തില്‍ ഏഴുവര്‍ഷം സുഭിക്ഷകാലവും അതുകഴിഞ്ഞുള്ള ഏഴുവര്‍ഷം ക്ഷാമകാലവും ഉണ്ടാകും. ബുദ്ധിമാനായ ഫറവോ ജോസഫിനെ ഭക്ഷ്യമന്ത്രിയാക്കി. ക്ഷാമകാലം അതിജീവിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കി ജോസഫ് ക്ഷാമകാലം തരണം ചെയ്തു .
ലോക ഭക്ഷ്യകാര്‍ഷിക സംഘടന (FAO) പറയുത് മൂന്നു കോടിയോളം ജനത്തിന് വരുംനാളുകളില്‍ കടുത്ത ഭക്ഷ്യക്ഷാമത്തിന്റെ അനുഭവമുണ്ടാകും എന്നാണ്. ലോകബാങ്ക്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ സാമ്പത്തികമാന്ദ്യം പ്രവചിക്കുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ ഒരു വര്‍ഷത്തേയ്ക്കു കൂടിയുള്ള ഭക്ഷ്യശേഖരണം മാത്രമേയുള്ളൂ എറിയുന്നു. കോവിഡ് 19-ല്‍ നിന്ന് ലോകം കരകയറുമ്പോള്‍ കടുത്ത സാമ്പത്തികമാന്ദ്യം, ഭക്ഷ്യക്ഷാമം എന്നിവയുണ്ടാകും എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് ചില സാമ്പത്തിക കാര്‍ഷിക മുന്‍കരുതലുകള്‍ നമ്മള്‍ പാലിക്കുന്നത് നല്ലതാണ്. അവയില്‍ ചിലത് ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.
സാമ്പത്തിക വെല്ലുവിളി
എല്ലാ സാമ്പത്തിക വികസന പ്രക്രിയയുടെയും അടിസ്ഥാനഘടകം മനുഷ്യന് നിരവധിയായ ആവശ്യങ്ങളുണ്ട് (wants) എന്നതാണ്. എന്നാല്‍, അത് നിര്‍വ്വഹിക്കാനുള്ള വിഭവങ്ങള്‍ (resources) പരിമിതമാണ് എന്നതാണ്. അതുകൊണ്ട് ആവശ്യങ്ങള്‍ നിറവേറ്റാന്‍ തീരുമാനിക്കുമ്പോള്‍ ചില മുന്‍ഗണനകള്‍ എടുക്കണം. മനുഷ്യന് പലതരത്തിലുള്ള ആവശ്യങ്ങളുണ്ട്. അവയെ മൂന്നു ഗണമായി വേര്‍തിരിക്കാം.
1) ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമുള്ളവ (necessary for existence)
2) ജീവിതം സുഖകരമായി (comfort) പൂര്‍ത്തിയാക്കാനുള്ളവ
3) ജീവിതം ആഡംബരപൂര്‍ണമായി (luxury) നയിക്കാനുള്ളവ.
എല്ലാ മനുഷ്യരും തങ്ങളുടെ സാമ്പത്തികസ്ഥിതിയുടെ അടിസ്ഥാനത്തില്‍ ഇവ മൂന്നും നിറവേറ്റാറുണ്ട്. എന്നാല്‍, (വ്യക്തികള്‍, കുടുംബങ്ങള്‍, സമൂഹം, രാഷ്ട്രം, ലോകം എന്നിവ) പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ രണ്ടു രീതിയിലുള്ള പരിരക്ഷകള്‍ നാം സ്വീകരിക്കണം. ഹ്രസ്വകാല പരിരക്ഷ (short run), ദീര്‍ഘകാല പരിരക്ഷ (long run).
കൊറോണ വൈറസ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉള്ളതാകാന്‍ സാധ്യതയില്ല. എന്നാല്‍ ഹൃസ്വകാല (1, 2 വര്‍ഷങ്ങള്‍) പ്രതിസന്ധി രൂക്ഷമാകാം. അതുകൊണ്ട് നമ്മുടെ സാമ്പത്തിക ക്രമീകരണം ഒന്ന്- രണ്ടു വര്‍ഷത്തേയ്ക്ക് വളരെ കരുതലോടെ ചെയ്യണം. അതായത്, ഹൃസ്വകാലത്തേയ്ക്ക് നമ്മുടെ സമ്പത്തിന്റെ വിനിയോഗം ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമുള്ള വസ്തുക്കള്‍ക്കു മാത്രമായി ചുരുക്കണം. സുഖജീവിതം (comfort), ആഡംബരകാര്യങ്ങള്‍ (luxury) എന്നിവയ്ക്ക് ഉപയോഗിക്കരുത്. പണം ചിലവാക്കുത്, ഭക്ഷണം, വസ്ത്രം, അത്യാവശ്യ അനുബന്ധ കാര്യങ്ങള്‍ എന്നിവയില്‍ പരിമിതപ്പെടുത്തണം. അതായത് നമ്മുടെ കുടുംബങ്ങള്‍, ദേവാലയങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ ആഡംബരപൂര്‍ണ്ണമായ വിവാഹങ്ങള്‍, പെരുന്നാളുകള്‍, ജൂബിലികള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക. ഒന്ന്-രണ്ടു വര്‍ഷത്തേയ്ക്ക് നമ്മുടെ ഇടവക, സ്ഥാപനങ്ങള്‍ എന്നിവ പുതിയ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങാതിരിക്കുക. ഒപ്പം, ഇപ്പോള്‍ പണിതുകൊണ്ടിരിക്കുന്ന ഭവനങ്ങളും, ദേവാലയങ്ങളും, സ്ഥാപനങ്ങളുമുണ്ടെങ്കില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ അവ വേഗം പൂര്‍ത്തിയാക്കുക. മറ്റൊന്ന് നമുക്കുള്ള വരുമാനം, നിത്യചെലവ്, കടബാധ്യതകളുടെ തിരിച്ചടവ്, കാരുണ്യപ്രവര്‍ത്തികള്‍ എന്നിവയ്ക്കു മാത്രം ക്രമപ്പെടുത്തുക. മറ്റു കാര്യങ്ങള്‍ കുറച്ചു വര്‍ഷത്തേയ്ക്ക് മാറ്റിവയ്ക്കണം.
ഇന്നത്തെ സാമ്പത്തിക സ്ഥിതി
ഇന്നത്തെ ഇന്ത്യന്‍ സമ്പത്ഘടന ആശങ്കപ്പെടുത്തുതാണ്. സാമ്പത്തിക വളര്‍ച്ച വരുമാനത്തിന്റെയും തൊഴിലവസരത്തിന്റെയും അടിസ്ഥാനത്തില്‍ വിലയിരുത്തപ്പെടുന്നതാണ്. സാമ്പത്തിക സ്രോതസ്സ് വളരെ കുറയുകയും തൊഴിലില്ലായ്മ രൂക്ഷമാവുകയും ചെയ്യാം. 2019-20 ഇന്ത്യയുടെ സമ്പത്ത് വളര്‍ച്ച കേവലം 5% ആയിരുന്നു. ബംഗ്ലാദേശിന്റേതാകട്ടെ 7.2 %. സമ്പത്ഘടനയില്‍ ലോകത്തിലെ മൂന്നാം ശക്തിയാകുമെന്നു പ്രവചിച്ചിരുന്നപ്പോഴാണ് ബംഗ്ലാദേശിന്റെ പിന്നിലായത്. 2017-18 ല്‍ 8 % വളര്‍ച്ച ഉണ്ടായിരുന്നു. അതാണ് 2019-ല്‍ 5 ശതമാനമായി കുറഞ്ഞത്.
സാമ്പത്തിക വളര്‍ച്ച കുറയുമ്പോള്‍ ജനങ്ങള്‍ക്ക് പണം ഇല്ലാതാകും, തൊഴില്‍ ഇല്ലാതാകും. അതുവഴി ജനങ്ങളുടെ (purchasing power) സാധനങ്ങള്‍ വാങ്ങുവാനും വില്‍ക്കുവാനുമുള്ള കഴിവ് കുറഞ്ഞ് ദാരിദ്ര്യത്തിലേയ്ക്ക് വഴുതിവീഴുന്നു. അശാസ്ത്രീയമായ നോട്ട് നിരോധനം, ജി.എസ്.ടി എന്നിവയാണ് സാമ്പത്തിക പ്രതിസന്ധിക്ക് തുടക്കമിടുന്നത്. ഇവ രണ്ടും പണം ചിലവഴിക്കുതില്‍ നിന്നും നിക്ഷേപിക്കുതില്‍ നിന്നും ജനത്തെ പിന്തിരിപ്പിച്ചു. ഇപ്രകാരമുള്ള സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് 2018, 2019 വര്‍ഷങ്ങളില്‍ വെള്ളപ്പൊക്കവും പ്രകൃതിദുരന്തവും ഉണ്ടായത്. അതില്‍ നിന്നു കരകയറാന്‍ ശ്രമിക്കുമ്പോള്‍ കോവിഡ്-19 എന്ന മഹാമാരി വന്നു. ആഗോളതലത്തില്‍ സാമ്പത്തികമാന്ദ്യത്തിന് ഇടവരുത്തുന്ന ഈ മഹാമാരി ഇന്ത്യന്‍ സമ്പത്‌വ്യവസ്ഥയെയും കേരളത്തിലെ സാമ്പത്തികസ്ഥിതിയെയും ഭയാനകമായ രീതിയില്‍ താഴോട്ട് പോകാന്‍ ഇടയാക്കാം. പൂര്‍വ്വ യൗസേപ്പിനെപ്പോലെ ദൈവത്തില്‍ ആശ്രയിച്ചുകൊണ്ട് ബുദ്ധിയോടും വിവേകത്തോടും കൂടി നാം പ്രവര്‍ത്തിക്കണം. അല്ലാത്തപക്ഷം കടുത്ത ദാരിദ്ര്യവും ആത്മഹത്യയും അരക്ഷിതാവസ്ഥയുമൊക്കെ ഉണ്ടാക്കും.
മിതവ്യയം ശീലിക്കുക
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് താഴോട്ടുപോയാല്‍ മൂലധന നിക്ഷേപം ഇല്ലാതാകും, തൊഴിലില്ലായ്മ വര്‍ദ്ധിക്കും, ജനങ്ങള്‍ക്ക് വരുമാനം ഇല്ലാതാകും. പ്രവാസികള്‍ തിരികെ വരുമ്പോള്‍ നമ്മുടെ പ്രധാന സാമ്പത്തികസ്രോതസ്സ് നിലയ്ക്കും. വിദേശരാജ്യങ്ങളില്‍ നിന്ന് സമൂഹത്തിന് ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തിക പിന്തുണയും കോവിഡ്-19 മൂലം ഇല്ലാതാകും. കടുത്ത ദാരിദ്ര്യവും സാമ്പത്തിക തകര്‍ച്ചയും അതിജീവിക്കാന്‍ ഏറ്റവും കുറഞ്ഞ ജീവിതചിലവില്‍ മുന്നോട്ടുപോകണം. എല്ലാവര്‍ക്കും പണം ലഭിക്കത്തക്ക രീതിയില്‍ ചെറുകിട തൊഴില്‍സംരംഭങ്ങള്‍ തുടങ്ങണം. വരുമാനത്തേക്കാള്‍ കൂടുതല്‍ ചിലവ് ഉണ്ടാകാതെ നോക്കണം. മഹാത്മാഗാന്ധി കണ്ട ഗ്രാമസ്വരാജ് (ഓരോ ഗ്രാമവും സ്വയംപര്യാപ്തത നേടുക) പ്രാവര്‍ത്തികമാക്കണം. 18 വയസ്സ് കഴിഞ്ഞ എല്ലാവരും സ്വയം തൊഴില്‍ ചെയ്ത് ജീവിക്കാന്‍ ശീലിക്കുക. ഗ്രാമസ്വരാജ് എന്ന ആശയം അല്പംകൂടി വിപുലീകരിച്ചാല്‍ വ്യക്തിസ്വരാജ്, കുടുംബസ്വരാജ് എന്നിവയായി വിഭജിക്കാം. ഓരോ കുടുംബവും സാമ്പത്തിക ഭദ്രമാവുന്ന, ഓരോ വ്യക്തിയും സ്വയംപര്യാപ്തത നേടുന്ന ക്രമീകരണം.
തൊഴില്‍ ചെയ്യുവാനുള്ള കഴിവ് ദൈവത്തിന്റെ ദാനമാണ്. എല്ലാ ദിവസവും തൊഴില്‍ ചെയ്ത് വിഭവങ്ങള്‍ വര്‍ദ്ധിപ്പിക്കണം, വരുമാനം ഉണ്ടാക്കണം. ലഭ്യമാകുന്ന വരുമാനം അത്യാവശ്യമുള്ള കാര്യങ്ങള്‍ക്കു മാത്രം ചെലവഴിക്കണം. അങ്ങിനെ മിതവ്യയം ശീലിച്ച് ഓരോ വ്യക്തിയും കുടുംബവും സ്ഥാപനങ്ങളും പള്ളിയും ആശ്രമങ്ങളും ഇതര സ്ഥാപനങ്ങളും സ്വയംപര്യാപ്തത നേടണം. ഒപ്പം നമ്മുടെ അയല്‍പക്കത്ത് ഭക്ഷണം ഇല്ലാത്തവരുണ്ടെങ്കില്‍ അവര്‍ക്ക് നാം ഭക്ഷണമെത്തിക്കുകയും വേണം. എല്ലാവരും കഴിവതും സന്തോഷമായി ജീവിക്കുന്ന ഒരു പുതിയ സമൂഹസൃഷ്ടിക്കായി നാം പ്രവര്‍ത്തിക്കണം.
കൃഷിയും മൃഗസമ്പത്തും
എല്ലാ സാമ്പത്തിക വികസനത്തിന്റെയും അടിത്തറ കൃഷിയാണ്. സാമ്പത്തിക ക്രമത്തെ ഒരു വീടിനോട് ഉപമിച്ചാല്‍ ആ വീടിന്റെ അടിത്തറയാണ് കൃഷി (agriculture). അതിന്റെ ഭിത്തികളാണ് വ്യവസായം (industry) അതിന്റെ കൂരയാണ് സേവനങ്ങള്‍ (service). സാമ്പത്തികക്രമത്തിന്റെ അടിത്തറ തകര്‍ന്നുപോയാല്‍ മറ്റു രണ്ടു ഘടകങ്ങളും (ഭിത്തി, കൂര) ബലക്ഷയമുള്ളതാകും.അതുകൊണ്ട് വ്യക്തിസ്വരാജ്, കുടുംബസ്വരാജ്, ഗ്രാമസ്വരാജ് എന്നിവ നേടുന്നതിന്റെ ഭാഗമായി എല്ലാവരും കാര്‍ഷികവൃത്തിയിലേയ്ക്ക് തിരിയണം.
നമ്മുടെ നാട്ടില്‍ കൃഷിയോഗ്യമായ ഒരിഞ്ച് ഭൂമി പോലും തരിശിടാതെ നോക്കണം. സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യണം. പള്ളി, സ്ഥാപനങ്ങള്‍, ആശ്രമങ്ങള്‍, സന്യാസിനി ഭവനങ്ങള്‍ എന്നിവയിലുള്ള എല്ലാ ഭൂമികളും നമ്മുടെ അദ്ധ്വാനശേഷി ഉപയോഗിച്ച് എത്രയും വേഗം കൃഷിയോഗ്യമാക്കണം. സര്‍ക്കാരിന്റെ പദ്ധതികളുണ്ട്, കെ.സി.ബി.സി തലത്തില്‍ കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ പദ്ധതികളുണ്ട്, ശ്രേയസ്സ് പോലെയുള്ള സംഘടനകളുടെ പ്രോഗ്രാം ഉണ്ട്. അതിനോടു ചേര്‍ന്ന് നമ്മുടെ കുട്ടികള്‍, യുവജനങ്ങള്‍ സംഘടനകള്‍, അത്മായ സംഘടനകള്‍, വിമന്‍സ് കമ്മീഷന്‍, ഇതര സംഘടനകള്‍ എന്നിവയുടെ കൂട്ടായ്മയില്‍ കൃഷി, പച്ചക്കറി തോട്ടങ്ങള്‍, കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടപ്പാക്കണം. സമൂഹത്തിലെയും സഭയിലെയും എല്ലാ ഭൂമികളും കൃഷിയോഗ്യമാക്കണം. പൊതുസമൂഹത്തോട് ചേര്‍ന്ന് കൃഷികള്‍ നടത്താവുതാണ്. ഇതിന് ആവശ്യമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നമ്മുടെ പഞ്ചായത്തുകളില്‍ നിന്നും കൃഷിഭവനങ്ങളില്‍ നിന്നും നല്‍കുന്നതാണ്.
മനുഷ്യകുലം ആരംഭം മുതല്‍ ചെയ്തിരുന്ന രണ്ടു തൊഴിലുകളാണ് കൃഷിയും ആടുമാട് വളര്‍ത്തലും. ആദിമ മാതാപിതാക്കളുടെ മക്കളായ കായേന്‍ കൃഷിക്കാരനും, ഹാബേല്‍ ആട്ടിടയനുമായിരുന്നു. കൃഷി ചെയ്യുന്നതും വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നതും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു. അവ വീണ്ടെടുക്കണം. കൃഷി, മൃഗവളര്‍ത്തല്‍, മത്സ്യകൃഷി, പൂക്കള്‍ വളര്‍ത്തല്‍, കോഴി, താറാവ് തുടങ്ങിയ വളര്‍ത്തു പ്രവര്‍ത്തനങ്ങളൊക്കെ നമ്മുടെ ഭവനങ്ങളോടു ചേര്‍ന്ന് നടപ്പാക്കാവുതാണ്. കോവിഡ്-19 നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതോടൊപ്പം സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ദൈവം നല്‍കിയിരിക്കു അദ്ധ്വാനശേഷി ഉപയോഗിച്ച് നമ്മുടെ കുടുംബത്തെയും നാടിനെയും രാജ്യത്തെയും സാമ്പത്തികമായി ശാക്തീകരിക്കണം.
ഉപസംഹാരം
മനുഷ്യജീവിതത്തിന്റെ സുസ്ഥിതിക്ക് സമ്പത്ത് അനിവാര്യമാണ്. പ്രാര്‍ത്ഥനയോടൊപ്പം നമ്മള്‍ അദ്ധ്വാനശക്തി ഉപയോഗിച്ച് സമ്പത്ത് വര്‍ദ്ധിപ്പിക്കണം. സമ്പത്ത് ദൈവകൃപയാണ്. അത് വര്‍ദ്ധിപ്പിക്കുകയും പങ്കുവയ്ക്കുകയും ദൈവകല്പനകള്‍ക്ക് അനുസൃതമായി വിനിയോഗിക്കുകയും വേണം. ദൈവകല്പനകള്‍ക്ക് വിരുദ്ധമായി സമ്പത്ത് ഉപയോഗിക്കുമ്പോള്‍ മാത്രമാണ് അത് തിന്മയാകുത്. കര്‍ത്താവ് പറയുന്നു, സമ്പത്ത് ദൈവദാനമാണ്. ‘ദാനമായി നിങ്ങള്‍ക്ക് കിട്ടി; ദാനമായി തന്നെ കൊടുക്കുവിന്‍’ (മത്തായി 10/8).
പൗരസ്ത്യദേശത്തെ ഏറ്റവും വലിയ സമ്പന്നനായിരുന്നു ജോബ്. അവന്‍ പറഞ്ഞു: ‘അമ്മയുടെ ഉദരത്തില്‍ നിന്ന് നഗ്നനായി ഞാന്‍ വന്നു; നഗ്നനായിത്തന്നെ ഞാന്‍ പിന്‍വാങ്ങും. കര്‍ത്താവ് തന്നു, കര്‍ത്താവ് എടുത്തു, കര്‍ത്താവിന്റെ നാമം മഹത്വപ്പെടട്ടെ’ (ജോബ് 1/21-22). നെറ്റിയിലെ വിയര്‍പ്പുകൊണ്ട് ഉപജീവനം നേടണമെന്ന് ദൈവം ആദിയിലെ മനുഷ്യനു നല്‍കിയ നിയമമാണ്. നാം അദ്ധ്വാനിച്ച് സമ്പത്ത് വര്‍ദ്ധിപ്പിക്കുകയും അതില്‍ ഒരു ഭാഗം ദരിദ്രര്‍ക്ക് നല്‍കുകയും വേണം.
ഒരു വിശ്വാസി, സ്വര്‍ഗ്ഗത്തെ നോക്കി യാത്ര ചെയ്യുവനാണ്. നാം ഈ ലോകത്ത് ജീവിക്കുന്നു എന്നുവരികിലും നമ്മുടെ വീട് സ്വര്‍ഗ്ഗത്തിലാണ്. ഈ ഒരു ബോധ്യവും പ്രത്യാശയും നാം കാത്തുസൂക്ഷിക്കണം.
മനുഷ്യകുലത്തിന്റെ ഏറ്റവും വലിയ നിസ്സാരത നമ്മള്‍ മനസ്സിലാക്കുന്ന സമയമാണ് ഈ മഹാമാരിയുടെ അവസരം. രണ്ടേകാല്‍ ലക്ഷത്തോളം ആള്‍ക്കാര്‍ മരിച്ചു. 30 ലക്ഷം ആള്‍ക്കാര്‍ കൊറോണ രോഗത്തിന്റെ പിടിയിലാണ്. ഈ ലോകത്ത് ജീവിക്കുമ്പോള്‍ നന്നായി ജീവിക്കാുള്ള ഭൗതിക ക്രമീകരണങ്ങള്‍ ആവശ്യമാണ്. ഒപ്പം ആത്മീയരക്ഷയും മുന്നില്‍ ഉണ്ടാവണം. കൊറോണ കാലത്ത് നന്നായി പ്രാര്‍ത്ഥിക്കുകയും കൊറോണ നിരോധന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും ചെയ്യാം. ഒപ്പം ഭൗതികവിഭവങ്ങള്‍ വര്‍ദ്ധിപ്പിച്ച് ക്ഷാമത്തില്‍ നിന്ന് മുക്തി നേടാനായി പരിശ്രമിക്കുകയും ചെയ്യാം. ദൈവം അനുഗ്രഹിക്കട്ടെ.