നോര്‍ത്ത് ഡക്കോട്ട: അമേരിക്കയിലെ നോര്‍ത്ത് ഡക്കോട്ട സ്വദേശിനിയും ഫാര്‍ഗോ രൂപതാംഗവുമായ പതിനേഴുകാരി കൊറോണ കാലത്തു തന്റെ വീടിന്റെ പുറത്തുള്ള നടപ്പാതയില്‍ ചോക്ക് കൊണ്ട് വരച്ച ലൂര്‍ദ്ദ് മാതാവിന്റെ ചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നു. കൊറോണ കാലത്ത് അനേകര്‍ കടന്നുപോകുന്ന ഈ വീഥിയില്‍ ചിത്രം പ്രത്യാശ പകരുമെന്ന ബോധ്യത്തിലാണ് മരിയ ലോ എന്ന പെണ്‍കുട്ടി മനോഹരമായ ദൃശ്യം ഒരുക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ മെയ് 4ന് ഫാര്‍ഗോ രൂപതയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ചിത്രം പങ്കുവെച്ചതോടെയാണ് ഇത് കൂടുതല്‍ ശ്രദ്ധ നേടുന്നത്. വിശ്വാസവും കലയും താന്‍ ജനിച്ചു വളര്‍ന്ന സ്ഥലത്തെ അയല്‍ക്കാരുമായി പങ്കുവെച്ച അനുഭവം താന്‍ ഒരുപാട് ആസ്വദിച്ചുവെന്നും, ആ പ്രദേശത്തെ ജനങ്ങള്‍ ഇതുവരെ നടപ്പാതയിലെ കല കണ്ടിട്ടില്ലെന്നും മെയ് 7ന് ‘കാത്തലിക് ന്യൂസ് ഏജന്‍സി’ക്ക് നല്‍കിയ അഭിമുഖത്തില്‍ മരിയ പറഞ്ഞു.
ഇതിനുമുന്‍പും പരിശുദ്ധ കന്യകാമാതാവിന്റെ മനോഹരമായ ചിത്രങള്‍ വരച്ച് ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിയാണ് മരിയ. ലൂര്‍ദ്ദിലെ ദേവാലയം താല്‍ക്കാലികമായി അടച്ചിട്ടിരിക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് ദൈവമാതാവിനെ സന്ദര്‍ശിക്കുവാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. പ്രതികൂലമായ സാഹചര്യത്തില്‍ പരിശുദ്ധ കന്യകാമാതാവ് ഈ അവസരത്തില്‍ നമുക്കൊപ്പമുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുവാനും, മാതാവിനെക്കുറിച്ച് ജനങ്ങള്‍ക്ക് അറിയുവാനും ഈ ചിത്രം സഹായകമാകുമെന്ന പ്രതീക്ഷയിലാണ് മരിയ ലോ.