• ഡോ.ജോര്‍ജ് എം. കാക്കനാട്ട്

ഹൂസ്റ്റണ്‍: ഈസ്റ്റര്‍ ഞായറാഴ്ചയ്ക്ക് ശേഷം, സാമൂഹിക ഒറ്റപ്പെടലിന്റെ മറ്റൊരു ആഴ്ചയിലേക്ക് അമേരിക്കക്കാര്‍ പ്രവേശിക്കുമ്പോള്‍ കൂനിന്മേല്‍ കുരുവെന്നതു പോലെ കൊടുങ്കാറ്റും പേമാരിയും ഉലയ്ക്കുന്നു. മഹാമാരിയായി കൊറോണ കത്തിപ്പടരുമ്പോള്‍ രാജ്യത്ത് ഇതുവരെ മരണം 22,115 ആയി, രോഗബാധിതരുടെ എണ്ണം 560,433. തീവ്രപരിചരണത്തില്‍ പ്രവേശിക്കപ്പെട്ടവര്‍ 11,766. രാജ്യത്തുടനീളം ദൈനംദിന ജീവിതത്തെ തകര്‍ത്ത ലോക്ക്ഡൗണുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നു ഫെഡറല്‍ സര്‍ക്കാര്‍ പറയുമ്പോഴും പ്രാദേശിക ഭരണകൂടം സ്റ്റേ അറ്റ് ഹോം ഉത്തരവുകള്‍ കര്‍ശനമാക്കുകയാണ്. 16 ദശലക്ഷത്തിലധികം ആളുകളെ തൊഴിലില്ലായ്മയിലേക്ക് വലിച്ചിഴയ്ക്കുകയും, ദീര്‍ഘകാല മാന്ദ്യം സൃഷ്ടിക്കുമെന്ന് ഭീഷണിപ്പെടുത്തി ആഗോള വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുകയും ചെയ്താണ് ഇപ്പോള്‍ രാജ്യത്ത് കൊറോണയുടെ മുന്നേറ്റം. അതേസമയം, തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ ഭയത്തിന്റെ മുള്‍മുനയിലേക്ക് നിര്‍ത്തി കൊടുങ്കാറ്റും പേമാരിയും ആഞ്ഞടിക്കുമെന്നു കാലാവസ്ഥ നിരീക്ഷകര്‍ പ്രവചിച്ചിട്ടുണ്ട്.

കൊറോണയുടെ കുത്തൊഴുക്കിലുള്ള ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക് സംസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് വീടുകളും ബിസിനസ്സുകളും കനത്ത കാറ്റിനെത്തുടര്‍ന്നു തിങ്കളാഴ്ച വൈദ്യുതിയില്ലാതെ കഷ്ടപ്പെടുകയാണ്. തിങ്കളാഴ്ച വൈകുന്നേരം വരെ ഈ സംസ്ഥാനങ്ങള്‍ക്ക് ദേശീയ കാലാവസ്ഥാ സേവനം കനത്ത മുന്നറിയിപ്പ് നല്‍കി. ഇവിടങ്ങളില്‍ നിലവില്‍ 40 മുതല്‍ 50 മൈല്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. തീരപ്രദേശങ്ങളിലേക്ക് കാറ്റിന്റെ വേഗത വര്‍ദ്ധിച്ചു 70 മൈല്‍ വേഗത കൈവരിക്കും. താഴ്ന്നപ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണിയുമുണ്ട്.

കനത്ത മഴയും ശക്തമായ ഇടിമിന്നലും അപകടസാധ്യത ഉയര്‍ത്തുന്നുണ്ട്. 1 മുതല്‍ 2 ഇഞ്ച് വരെ മഴയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ക്കും കൂടാരങ്ങള്‍ക്കും കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒന്നിലധികം കൊറോണ വൈറസ് ടെസ്റ്റിംഗ് സൈറ്റുകള്‍ തിങ്കളാഴ്ച അടയ്ക്കാനും നിയമനങ്ങള്‍ പുനക്രമീകരിക്കാനും നിര്‍ബന്ധിതരായി. ന്യൂയോര്‍ക്കിലെ ഫീല്‍ഡ് ആശുപത്രിയെയും മഴയും കാറ്റും ബാധിച്ചേക്കും. ന്യൂജേഴ്‌സി മോണ്‍മൗത്ത് കൗണ്ടിയിലെ പിഎന്‍സി ബാങ്ക് ആര്‍ട്‌സിലെ സ്‌റ്റേറ്റ് ഓപ്പറേറ്റിംഗ് ടെസ്റ്റിംഗ് സൈറ്റും കൗണ്ടി നടത്തുന്ന നിരവധി സൈറ്റുകളും അടച്ചിട്ടു. തെക്കന്‍ സംസ്ഥാനങ്ങളിലേക്കും കാറ്റ് കടന്നു ചെല്ലുമെന്നാണ് സൂചന.

അതേസമയം, പെന്‍സില്‍വേനിയ, ഫിലഡല്‍ഫിയ, കണക്ടിക്കറ്റ് സംസ്ഥാനങ്ങളിലേക്കുള്ള കൊറോണയുടെ വരവ് കൂടുതല്‍ വികസിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവുണ്ട്. ഈസ്റ്റര്‍ ഞായറാഴ്ചയെത്തുടര്‍ന്നു ഇതുമായി ബന്ധപ്പെട്ട കണക്കുകളൊന്നും നിലവില്‍ ലഭ്യമല്ല. സ്റ്റേ അറ്റ് ഹോം ഉത്തരവ് പലേടത്തും ഗുണകരമാവുന്നു എന്ന റിപ്പോര്‍ട്ടുണ്ട്. നിരവധി സംസ്ഥാനങ്ങളില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ കുറവ് ഫെഡറല്‍സര്‍ക്കാര്‍ നികത്തുന്നു. സാമ്പത്തിക ആഘാതത്തില്‍ ബിസിനസ് സ്ഥാപനങ്ങള്‍ ഉലയയുന്ന കാഴ്ചയും ആഴ്ചാവസാനം കണ്ടു. ഇപ്പോഴത്തെ സ്ഥിതിയില്‍
സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവ്, വ്യത്യസ്ത സ്ഥലങ്ങളില്‍ വ്യത്യസ്ത വേഗതയില്‍ മാത്രമേ സംഭവിക്കുകയുള്ളുവെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 550,000 കേസുകളും 22,000 മരണങ്ങളും ഉള്ള ആഗോള വ്യാപനത്തിന്റെ കേന്ദ്രമാണ് അമേരിക്ക. ന്യൂയോര്‍ക്കിലെയും അമേരിക്കയുടെ മറ്റ് പ്രദേശങ്ങളിലെയും പുതിയ അണുബാധകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍, സമ്പദ്‌വ്യവസ്ഥ എപ്പോള്‍, എങ്ങനെ വീണ്ടും പഴയപടിയിലാകുമെന്നു പറയാനാകാത്ത സ്ഥിതിയാണ്.

ന്യൂയോര്‍ക്കില്‍ ശനിയാഴ്ച ഉച്ചവരെ 8,627 വൈറസ് മരണങ്ങളുണ്ടായി. കാലിഫോര്‍ണിയയില്‍ 598, വാഷിംഗ്ടണില്‍ 483, ഒറിഗോണില്‍ 48 എന്നിങ്ങനെയാണ് മരണനിരക്ക്. ന്യൂയോര്‍ക്കില്‍ ഒരു ലക്ഷം പേരില്‍ 44 പേര്‍ മരിക്കുന്നതായാണ് കണക്കുകള്‍. കാലിഫോര്‍ണിയയില്‍ ഇത് രണ്ടെണ്ണമാണ്. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി സംസ്ഥാനങ്ങളില്‍ പിടിച്ചു കെട്ടാന്‍ കഴിഞ്ഞാല്‍ കൊറോണയെ വരുതിയിലാക്കാന്‍ കഴിയുമെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ് അധികൃതരും.