വസ്തുനികുതിയില്‍ ഇളവ് തേടി ഹര്‍ജി നല്കിയ നടന് രജനീകാന്തിന് മദ്രാസ് ഹൈക്കോടതിയുടെ ശാസന. തന്റെ ഉടമസ്ഥതയിലുള്ള കല്യാണ മണ്ഡപത്തിന് ലോക്ക്ഡൌണ്‍ കാലത്തെ വസ്തുനികുതി ഒഴിവാക്കണം എന്നായിരുന്നു രജനീകാന്തിന്റെ ആവശ്യം. ഇക്കാര്യം കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
കോടമ്പക്കത്തെ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിന്റെ വസ്തു നികുതിയായി 6.5 ലക്ഷം രൂപ അടയ്ക്കണമെന്നാണ് ഗ്രെയ്റ്റര്‍ ചെന്നൈ കോര്പറേഷന് രജനീകാന്തിന് നോട്ടീസ് അയച്ചത്. കോവിഡ് നിയന്ത്രണങ്ങളും ലോക്ക്ഡൌണും കാരണം മാര്‍ച്ച് 24 മുതല്‍ കല്യാണ മണ്ഡപത്തില്‍ നിന്നും വരുമാനം ലഭിക്കുന്നില്ല. നേരത്തെ മണ്ഡപം ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ചുകൊടുക്കേണ്ടിവന്നു. ഇക്കാര്യം കോര്‍പറേഷനെ അറിയിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രജനീകാന്ത് കോടതിയെ സമീപിച്ചത്. ഒക്ടോബര്‍ 15നുള്ളില്‍ നികുതി അടച്ചില്ലെങ്കില്‍ രണ്ട് ശതമാനം പിഴയൊടുക്കേണ്ടി വരുമെന്ന് കോര്‍പറേഷന്റെ നോട്ടീസില്‍ പറയുന്നുണ്ടെന്നും രജനീകാന്ത് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
രജനീകാന്ത് കോര്‍പറേഷനെ സമീപിച്ചത് സെപ്തംബര്‍ 23ന്. മറുപടി നല്കാന് കോര്പറേഷന് സാവകാശം നല്‍കാതെ എന്തിന് തിരക്കിട്ട് കോടതിയിലേക്ക് വന്നു എന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ചോദ്യം. ഇതോടെ ഹര്‍ജി പിന്‍വലിക്കാമെന്ന് രജനീകാന്തിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു. കല്യാണ മണ്ഡപത്തില്‍ നിന്ന് കൊറോണക്കാലത്ത് വരുമാനം ലഭിക്കാതിരുന്നതിനാല്‍ 50 ശതമാനം വരെ നികുതിയിളവിന് അര്‍ഹതയുണ്ടെന്നും ഇക്കാര്യമാണ് രജനീകാന്ത് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയതെന്നും അഭിഭാഷകന് പ്രതികരിച്ചു.
കൊറോണക്കാലത്ത് എല്ലാ മേഖലകളിലും വരുമാനം കുറവായതിനാല്‍ നികുതിയുടെയും വാടകയുടെയുമെല്ലാം കാര്യത്തില്‍ മനുഷ്യത്വപരമായ സമീപനം വേണമെന്ന് തമിഴ്നാട്ടില്‍ ആവശ്യമുയരുന്നുണ്ട്. രജനീകാന്ത് മുന്നോട്ടുവെച്ച ആവശ്യത്തില്‍ തീരുമാനമായാല്‍ മറ്റുള്ളര്‍ക്കും നികുതിയിളവ് ലഭിക്കുമെന്ന വിലയിരുത്തലും ഇക്കാര്യത്തില്‍ ഉണ്ടാകുന്നുണ്ട്.