തിരുവനന്തപുരം: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നതിനിടയിലും കേരളത്തിലെ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയാകുന്നു. സംസ്ഥാനത്ത് ഇന്ന് ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം 11,000 കടന്നിരിക്കുകയാണ്. 11,755 പേര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. ഇതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വര്‍ധനവുണ്ടായിട്ടുണ്ട്.

സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1,00,000ത്തിലേയ്ക്ക് അടുക്കുകയാണ്. 95,918 ആക്ടീവ് കേസുകളാണ് കേരളത്തിലുള്ളത്. മരണ സംഖ്യ 1000ത്തിലേയ്ക്ക് അടുക്കുകയാണെന്നാണ് സ്ഥിരീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്. പുതിയതായി 23 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 978 ആയി ഉയര്‍ന്നു. അനൗദ്യോഗികമായ കണക്കുകള്‍ പ്രകാരം 1000ത്തിന് മുകളിലാണ് കേരളത്തിലെ മരണസംഖ്യ.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,387 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,51,714 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,673 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3888 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.