തിരുവനന്തപുരം : സാക്ഷര കേരളം ക്രിമിനലുകളുടെ നാടായി മാറുന്നുവെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്ത് കുറ്റകൃത്യവും ചെയ്യാന്‍ മടിക്കാത്ത ക്രിമിനലുകള്‍ക്ക് രാഷ്ട്രീയ അഭയം നല്‍കുന്നതില്‍ സി.പി.എം തന്നെയാണ് മുന്‍പന്തിയിലെന്നും മുല്ലപ്പള്ളി പറഞ്ഞു. നഗരങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ക്രിമിനല്‍ സംഘങ്ങളും കുറ്റവാളികളും ഗ്രാമങ്ങളിലും പിടി മുറുക്കികൊണ്ടിരിക്കുന്നു. ജയില്‍പ്പുള്ളികള്‍ ജയിലിലിരുന്നുകൊണ്ട് മാഫിയാ സംഘങ്ങളെ നിയന്ത്രിക്കുന്ന അത്ഭുത സംഭവങ്ങള്‍ക്കാണ് കേരളം സാക്ഷിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണരൂപം :

*സാക്ഷര കേരളം ക്രിമിനലുകളുടെ നാടാകുന്നോ ?

കേരളത്തിലുടനീളം ക്രിമിനലുകള്‍ തടിച്ചു കൊഴുക്കുകയാണ്.നഗരങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച ക്രിമിനല്‍ സംഘങ്ങളും കുറ്റവാളികളും ഗ്രാമങ്ങളിലും അനുദിനം പിടി മുറുക്കികൊണ്ടിരിക്കുന്നു. ജയില്‍പ്പുള്ളികള്‍ ജയിലില്‍ ഇരുന്നു കൊണ്ട് മാഫിയാ സംഘങ്ങളെ നിയന്ത്രിക്കുന്ന അത്ഭുത സംഭവങ്ങള്‍ക്ക് കേരളം സാക്ഷിയാകുന്നു. ജയിലുകള്‍ കുറ്റവാളികള്‍ക്ക് സുഖവാസ കേന്ദ്രങ്ങളായി.

കൊടും കുറ്റവാളികളെ ആരാധിക്കുന്ന ഒരു തലമുറ സൈബറിടങ്ങളില്‍ നിറഞ്ഞാടുകയാണ്.
ഉത്തര കേരളത്തിലെ കുപ്രസിദ്ധ കൊലയാളികള്‍ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ പതിനായിരങ്ങള്‍ നല്കുന്ന പിന്തുണ കേരളത്തെ ഞെട്ടിപ്പിച്ച വെളിപ്പെടുത്തലായി. കേരളത്തിെലെ ക്രിമിനല്‍ വല്ക്കരണവും ക്രിമിനലുകള്‍ക്കു രാഷ്ടീയ നേതൃത്വം നല്കുന്ന സംരക്ഷണവും പിന്തുണയുമാണ് ഈ ജീര്‍ണ്ണതയുടെ മൂല കാരണം. കോളജ് ക്യാമ്ബസ്സുകള്‍ കുപ്രസിദ്ധ കുറ്റവാളികളെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങളായി മാറിയിരിക്കുന്നുവെന്നത് തിരുവനന്തപുരത്തെ പ്രശസ്തമായ യൂണിവെഴ്സിറ്റി കൊളെജ് കേരളത്തിന് കാണിച്ചു കൊടുത്തിട്ടുണ്ട്.

ഏതു് കുറ്റകൃത്യങ്ങളും നടത്താന്‍ മടിയില്ലാത്ത ക്രിമിനല്‍ കൂട്ടങ്ങള്‍ക്ക് രാഷ്ടീയ അഭയം നല്കുന്നതില്‍ സി. പി. എം. തന്നെയാണു മുന്‍പന്തിയില്‍. കള്ളകടത്ത്, മയക്കുമരുന്നു കച്ചവടം, സ്ത്രീ പീഢനം ഇവ എല്ലാം നിത്യ സംഭവങ്ങളായി മാറി ഇരിക്കുന്നു. അവ തടയേണ്ട ഏജന്‍സികളും ഉദ്യോഗസ്ഥ വൃന്ദവുമെല്ലാം രാഷ്ട്രീയ സമ്മര്‍ദ്ദത്തില്‍ നിസ്സഹായരായി നില്‍ക്കുന്നു.

എല്ലാ കുറ്റകൃത്യങ്ങള്‍ക്കും കുട ചൂടുന്ന പാര്‍ട്ടിയായി സി. പി. എം. മാറിയിരിക്കുന്നു.
ആപല്‍ക്കരമായ ദിശയിലേക്കാണ് സാക്ഷര കേരളം ദ്രുതഗതിയില്‍ നീങ്ങി കൊണ്ടിരിക്കുന്നതു്. പൊതു സമൂഹവും രാഷ്ട്രീയ നേതൃത്വവും ഈ ജീര്‍ണ്ണതക്കെതിരെ ശക്തിയായി നിലപാട് എടുക്കുകയും നിതാന്ത ജാഗ്രത പാലിക്കുകയും ചെയ്തില്ലങ്കില്‍ കേരളം ക്രിമിനളുകളുടെ നാടെന്ന നിലയിലേക്കു നിപതിക്കും. നാട് കടുത്ത വില കൊടുക്കേണ്ടി വരും.