തിരുവനന്തപുരം: ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടരുന്നതിനിടയിലും രാജ്യത്ത് കൊവിഡ് ബാധിതര്‍ വര്‍ധിച്ചു വരികയാണ്. കേരളത്തില്‍ ഇന്ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആണ്. ഇതിന്റെ ഭാഗമായി ഇന്ന് വീടുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
ഞായറാഴ്ച്ച എല്ലാവരും ശുചീകരണ ജോലികളില്‍ പങ്കാളികളാവണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, എന്നിവ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ രൂപീകരിച്ച സാമൂഹിക സന്നദ്ധ സേനയിലെ അംഗങ്ങളും പങ്കെടുക്കണമെന്നും നിര്‍ദേശിച്ചിരുന്നു. വീട്ടിലും പരിസരത്തും കെട്ടികിടക്കുന്ന വെള്ളം ഒഴുക്കി കളയണം, ടെറസ്, പൂച്ചട്ടികള്‍, പരിസരങ്ങളില്‍ അലക്ഷ്യമായി ഇടുന്ന ടയര്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍, ട്രെ എന്നിവയിലെ വെള്ളം ഒഴിവാക്കണം, റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍ കമഴ്ത്തിവെക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഇന്നത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലും ചില മേഖലകള്‍ക്ക് സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടുണ്ട്. ചരക്ക് വാഹനങ്ങള്‍ക്കും ആശുപത്രികളിലേക്കുള്ള വാഹനങ്ങള്‍ക്കും ഇളവ് ബാധകമാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍, അവശ്യ വിഭാഗ ജീവനക്കാര്‍, എന്നിവര്‍ക്കും യാത്രാനുമതിയുണ്ട്. ്
കേരളത്തില്‍ ഇന്നലെ 58 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ 7 എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. പത്ത് പേരാണ് കൊവിഡ് മുക്തി നേടിയത്.
നിലവിലെ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടിയിരിക്കുകയാണ്. കൊവിഡ് തീവ്ര ബാധിത മേഖലയിലാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്.
ജൂണ്‍ 8ാം തിയ്യതി മുതല്‍ തീവ്രബാധിത മേഖലകള്‍ അല്ലാത്ത ഇടങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാം. മാളുകളും ഹോട്ടലുകളും വ്യവസായ കേന്ദ്രങ്ങളും ജൂണ്‍ 8 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. തീവ്രബാധിതം അല്ലാത്ത പ്രദേശങ്ങളില്‍ ഇളവുകള്‍ ഘട്ടംഘട്ടമായി നടപ്പിലാക്കും.