മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേരളത്തെ കുറ്റപ്പെടുത്തിയും ഉപസമിതിയെ അനുകൂലിച്ചും തമിഴ്‌നാട് സർക്കാർ സുപ്രിംകോടതിയിൽ. അണക്കെട്ട് ശക്തിപ്പെടുത്താനുള്ള നടപടികളോട് കേരളം സഹകരിക്കുന്നില്ലെന്ന് തമിഴ്‌നാട് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആരോപിച്ചു. അണക്കെട്ടിലേക്കുള്ള വൈദ്യുതി പുനഃസ്ഥാപിക്കാൻ തയ്യാറാകുന്നില്ലെന്നും കുറ്റപ്പെടുത്തി. മേൽനോട്ട സമിതി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്നുവെന്ന കോതമംഗലം സ്വദേശികളുടെ ഹർജിയിലാണ് തമിഴ്‌നാട് നിലപാട് വ്യക്തമാക്കിയത്.
അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താൻ സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് രൂപീകരിച്ച മേൽനോട്ട സമിതിക്കെതിരെ കോതമംഗലം സ്വദേശി ഡോ. ജോ ജോസഫും, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീല കൃഷ്ണൻക്കുട്ടി, ജെസി മോൾ ജോസ് എന്നിവർ സമർപ്പിച്ച ഹർജികളെ തമിഴ്‌നാട് എതിർത്തു. മേൽനോട്ട സമിതിയുടെ പ്രവർത്തനം തൃപ്തികരമാണെന്നും, ഉപസമിതി കൃത്യമായ ഇടവേളകളിൽ അണക്കെട്ട് പരിശോധിക്കുന്നുണ്ടെന്നും തമിഴ്‌നാട് അറിയിച്ചു.
മുല്ലപ്പെരിയാറിലെ ബേബി ഡാമും എർത്ത് ഡാമും ശക്തിപ്പെടുത്താൻ കേരളം സഹകരിക്കുന്നില്ല. 23 മരങ്ങൾ മുറിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അനുമതി നൽകുന്നില്ല. അപ്രോച്ച് റോഡിലെ അറ്റകുറ്റപണി അനിശ്ചിതമായി നീളുകയാണെന്നും കോടതിയെ അറിയിച്ചു. വൃഷ്ടിപ്രദേശത്ത് മഴ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നില്ലെന്നും തമിഴ്‌നാട് കുറ്റപ്പെടുത്തി.