രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ പുനസംഘടനയില്‍ പുതുതായി സത്യപ്രതിജ്ഞ ചെയ്തവരില്‍ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് വ്യോമയാന വകുപ്പാണ് ലഭിച്ചത്.കോണ്‍ഗ്രസ് വൃത്തങ്ങളെ ഞെട്ടിച്ചാണ് സിന്ധ്യ ബിജെപിയിലേക്ക് ചേക്കേറിയത്. വെറുമൊരു രാഷ്ട്രീയ മാറ്റമായിരുന്നില്ല അത്. ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന മധ്യപ്രദേശ് സര്‍ക്കാറിനെ താഴെയിറക്കി തന്റെ 22 എംഎല്‍എമാരുമായി സിന്ധ്യ പടിയിറങ്ങി. മധ്യപ്രദേശില്‍ കമല്‍നാഥുമായി ഉടലെടുത്ത രാഷ്ട്രീയ വൈരത്തിന്റെ പരിസമാപ്തിയായിരുന്നു സിന്ധ്യയുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റം.
നിലവിലുള്ള മന്ത്രിസഭയില്‍നിന്ന് 12 പേരെ ഒഴിവാക്കി, പുതുതായി 43 അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ ഉടച്ചുവാര്‍ത്തത്. ഇതില്‍ 36 പേര്‍ പുതുമുഖങ്ങളാണ്. പഴയ മന്ത്രിസഭയില്‍ സഹമന്ത്രി പദവിയുണ്ടായിരുന്ന ഏഴ് പേര്‍ക്ക് കാബിനറ്റ് പദവിയും നല്‍കി. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, നിയമം-ഐ.ടി. വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്, വനം-പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കര്‍ എന്നിവരടക്കമുള്ള പ്രമുഖരെ നീക്കിയാണ് പുതുമുഖങ്ങള്‍ക്ക് അവസരമൊരുക്കിയിരിക്കുന്നത്. പുതിയ മന്ത്രിമാര്‍ അടക്കം ആകെ 77 മന്ത്രിമാരാണ് മോദി മന്ത്രിസഭയില്‍ ഇപ്പോഴുള്ളത്. ഇതില്‍ 73 മന്ത്രിമാര്‍ ബിജെപിയില്‍ നിന്നും നാല് പേര്‍ ഘടകക്ഷികളില്‍ നിന്നുമാണ്.



