തിരുവനന്തപുരം: കേരള വികസനമാണ് ലക്ഷ്യമെന്ന് ഊന്നിപ്പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍. തിരുവനന്തപുരം നഗരത്തിന്റെ മുഖം മാറ്റുന്ന ലൈറ്റ്‌മെട്രോ, തിരുവനന്തപുരം-കാസര്‍കോട് സെമി-ഹൈസ്പീഡ് റെയില്‍, കോഴിക്കോട്ടെ എയിംസ് . കേരളത്തിന്റെ സ്വപ്നപദ്ധതികള്‍ക്ക് പിന്തുണ നല്‍കുമെന്ന ഉറപ്പ് കേന്ദ്ര സര്‍ക്കാര്‍ പാലിച്ചാല്‍, പൊതുഗതാഗത, അടിസ്ഥാനസൗകര്യ, ആരോഗ്യ മേഖലയില്‍ കേരളം കുതിക്കും. രണ്ടു പതിറ്റാണ്ടിലേറെയായി കുരുങ്ങിക്കിടക്കുന്ന ശബരിപാതയ്ക്കും റെയില്‍വേയുമായി കേരളം ധാരണയിലെത്തി.

കോവളം-ബേക്കല്‍ 585കി.മി ജലപാത, വിമാനത്താവളങ്ങളും ചെറുതുറമുഖങ്ങളുമായി ജലപാതയെ ബന്ധിപ്പിക്കല്‍ പദ്ധതികളില്‍ കേന്ദ്രസഹായം ഉറപ്പാണ്. തലശേരി-മൈസൂര്‍ റെയില്‍പാതയ്ക്ക് കര്‍ണാടകത്തിന്റെ എതിര്‍പ്പാണ് മറി കടക്കേണ്ടത്. വികസന ചിറകില്‍ ഏറാന്‍ കേരളം

1)ലൈറ്റ് മെട്രോ

കേന്ദ്രം ലൈറ്റ്‌മെട്രോ ഉപേക്ഷിച്ചു. നിയോ മെട്രോയാണിപ്പോള്‍ ചെലവ്കുറവ്. തൂണുകള്‍ക്ക് മുകളിലും റോഡുകളിലൂടെയും ഓടുന്ന ചെറു ട്രെയിനാണിത്. ഇരുമ്ബ് ചക്രത്തിനു പകരം ടയര്‍. വൈദ്യുതിയാണ് ഇന്ധനം.

നിയോമെട്രോയ്ക്കായി പദ്ധതി രേഖ പുതുക്കണം. സ്വകാര്യപങ്കാളിത്തമുള്ള (പി.പി.പി മോഡല്‍) കേന്ദ്രനയം അംഗീകരിക്കണം.

2)സെമി-ഹൈസ്പീഡ് റെയില്‍

13 മണിക്കൂറുള്ള തിരുവനന്തപുരം-കാസര്‍കോട് യാത്ര 3.52മണിക്കൂറാവും. 8,656 കോടി ചെലവില്‍ 11 ജില്ലകളില്‍ 1226.45 ഹെക്ടര്‍ സ്ഥലമെടുപ്പിന് അംഗീകാരമായിട്ടുണ്ട്. 33,700 കോടി വിദേശവായ്പയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേകാനുമതി വേണം. റെയില്‍വേ, ധന മന്ത്രാലയങ്ങളുടെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും കേന്ദ്ര കാബിനറ്റിന്റെയും അനുമതി വേണം. പാരിസ്ഥിതിക പഠനം പൂര്‍ത്തിയാക്കണം.

3)ശബരി റെയില്‍പാത

ഭൂമിക്കടക്കം ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കാമെന്ന് റെയില്‍വേയുമായി ധാരണയിലെത്തി. പഴയ 2815 കോടിയുടെ എസ്റ്റിമേറ്റ് പുതുക്കും. 16%വര്‍ദ്ധനയുണ്ടാവും. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലൂടെയാണ് പാത. ഭൂമി കിട്ടിയാല്‍ മൂന്നു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാമെന്ന് റെയില്‍വേ. 400ഹെക്ടര്‍ ഭൂമിയേറ്റെടുക്കണം. പാരിസ്ഥിതികാനുമതി നേടണം. സ്റ്റേഷന്‍ വികസനത്തിന് പ്രത്യേക കമ്ബനിയുണ്ടാക്കണം.

4)എയിംസ്:

200 ഏക്കര്‍ സ്ഥലമേറ്റെടുത്താല്‍ എയിംസ് നല്‍കുമെന്നായിരുന്നു 2014 ല്‍ കേന്ദ്രപ്രഖ്യാനം.. കോഴിക്കോട് കിനാലൂരില്‍ കെ.എസ്.ഐ.ഡി.സിയുടെ 200 ഏക്കറാണ് പിണറായി സര്‍ക്കാരിന്റെ വാഗ്ദാനം. കേരളത്തിന് എയിംസ് കിട്ടിയാല്‍ ഗുണമേന്മയുള്ള വിദഗ്ദ്ധചികിത്സയും വൈറോളജിയിലടക്കം ഗവേഷണവും ലഭിക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരും ലോകോത്തര ചികിത്സാസൗകര്യങ്ങളും കിട്ടും.

5)ശബരിമല വിമാനത്താവളം

മദ്ധ്യകേരളത്തിലെ നാല് ജില്ലകളിലെ ഇരുപത് ലക്ഷത്തിലേറെ വിദേശമലയാളി കുടുംബങ്ങളാണ് പ്രധാനഗുണഭോക്താക്കള്‍. പ്രതിവര്‍ഷം 5 കോടി തീര്‍ത്ഥാടകരുള്ള ശബരിമലയ്ക്കും പ്രയോജനകരം.