കണ്ണൂര്‍ : അഴീക്കോട് എം.എല്‍.എ കെ.എം ഷാജി കോഴ വാങ്ങിയെന്ന കേസില്‍ അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രേഖകള്‍ വിജിലന്‍സ് കസ്റ്റഡിയിലെടുത്തു. വരവ്, ചെലവ് കണക്കുകളടക്കം പരിശോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിലെത്തി രേഖകള്‍ പിടിച്ചെടുത്തത്.
അഴീക്കോട് സ്കൂളിലെ അക്കൗണ്ട്സ് ബുക്കും മാനേജ്മെന്റ് യോഗങ്ങളുടെ മിനുട്സും അടക്കം പത്ത് രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തു. ഇവ വിശദമായി പരിശോധിച്ച ശേഷം കൂടുതല്‍ പേരുടെ മൊഴിയെടുക്കും. കെ.എം ഷാജി കോഴ വാങ്ങിയതായി പരാതിയില്‍ പറയുന്ന കാലഘട്ടത്തിലെ അഴീക്കോട് സ്കൂളിന്റെ വരവ്, ചെലവ് കണക്കുകള്‍ പരിശോധിക്കാനാണ് വിജിലന്‍സ് സംഘം രേഖകള്‍ കസ്റ്റഡിയിലെടുത്തത്. കോഴ നല്‍കിയെന്ന് ആരോപിക്കുന്ന കാലഘട്ടത്തിലെ സ്കൂള്‍ മാനേജരും കേസില്‍ പ്രതിയാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
അഴീക്കോട് ഹൈസ്കൂളില്‍ പ്ലസ്ടു അനുവദിക്കാന്‍ കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കേസ്. വിജിലന്‍സിന് പരാതി നല്‍കിയ സി.പി.എം നേതാവ് പത്മനാഭന്‍, മുസ്ലീംലീഗിനുള്ളില്‍ പരാതി നല്‍കിയ മുന്‍ ലീഗ് നേതാവ് നൗഷാദ് എന്നിവരുടെ മൊഴി വിജിലന്‍സ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.