കോഴിക്കോട്: എംഎൽഎ കെഎം ഷാജിക്കെതിരെ എൻഫോഴ്സ്മെന്റ് നോട്ടീസ്. അഴീക്കോട് സ്കൂളിൽ പ്ലസ് 2 അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് കെ എം ഷാജിയ്ക്കെതിരെ എൻഫോഴ്സ്മെന്റ് നോട്ടീസ് അയച്ചത്. കേസുമായി ബന്ധപ്പെട്ട് 30 ഓളം പേർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
അഴീക്കോട് ഹൈസ്കൂളിന് പ്ലസ് 2 അനുവദിക്കുന്നതിനായി 2014 ൽ കെ എം ഷാജി എംഎൽഎ 25 ലക്ഷം കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് എൻഫോഴ്സ്മെന്റ് അന്വേഷണം നടത്തുന്നത്. കേസിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് എൻഫോഴ്സ്മെന്റും അന്വേഷണം ആരംഭിച്ചത്.
എൻഫോഴ്സ്മെന്റ് കോഴിക്കോട് സബ്സോണൽ ഓഫീസിലെ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷണം നടത്തുന്നത്. അഴിമതി ആരോപണം ആദ്യം ഉന്നയിച്ച മുസ്ലീംലീഗ് മുൻ പ്രാദേശിക നേതാവ് നൗഷാദ് പുതുപ്പാറയിൽ, സ്കൂൾ മാനേജ്മെന്റ് പ്രതിനിധകൾ, പിടിഎ ഭാരവാഹികൾ എന്നിവർക്ക് എൻഫോഴ്സ്മെന്റ് നോട്ടീസ് നൽകിയെന്നാണ് വിവരം.
പ്ലസ് 2 കോഴ്സ് അനുവദിക്കാനായി കെ എം ഷാജി അഴീക്കോട് സ്കൂൾ മാനേജ്മെന്റിൽ നിന്നും 25 ലക്ഷം കോഴ വാങ്ങിയെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായാണ് വിജിലൻസിന്റെ എഫ്ഐആർ. സ്കൂളിലെ വരവ് ചെലവ് കണക്കുകൾ പരിശോധിച്ചതിൽ നിന്നും സാക്ഷിമൊഴികളിൽ നിന്നും ഇക്കാര്യം വ്യക്തമായെന്നും എഫ്ഐആറിൽ വിശദീകരിക്കുന്നു.