കെഎംഎംഎല്ലിലെ പുതിയ ഓക്‌സിജന്‍ പ്ലാന്റ് വ്യവസായ രംഗത്തും മെഡിക്കല്‍ രംഗത്തും ഗുണകരമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആധുനികവത്കരണവും വൈവിധ്യവത്കരണവും വഴി സ്ഥാപനത്തിന്റെ ലാഭം വര്‍ധിപ്പിക്കാനായതായും അദ്ദേഹം പറഞ്ഞു. പൊതുമേഖലാ സ്ഥാപനമായ ചവറ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിലെ പുതിയ 70 ടിപിഡി ഓക്‌സിജന്‍ പ്ലാന്റിന്റെ ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായരംഗത്ത് മാത്രമല്ല, മെഡിക്കല്‍ രംഗത്തും ഓക്‌സിജന്‍ ഏറെ ആവശ്യമുള്ള ഘട്ടമാണിത്. അത്തരം ഘട്ടത്തിലാണ് വ്യവസായരംഗത്തെ തലയെടുപ്പുള്ള കെഎംഎംഎല്ലില്‍ പുതിയ ഓക്‌സിജന്‍ പ്ലാന്റ് വരുന്നത്. കെഎംഎംഎല്ലിന്റെ വലിയൊരു ചുവടുവെപ്പാണിത്. ഈ സ്ഥാപനത്തിലെ ടൈറ്റാനിയം ഡയോക്‌സൈഡ് ഉത്പാദനത്തിന് ഓക്‌സിജന്‍ അത്യാവശ്യഘടകമാണ്. പുതിയ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ 2017ലാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. 50 കോടി രൂപ ചെലവില്‍ 70 ടണ്ണിന്റെ ഓക്‌സിജന്‍ പ്ലാന്റും അനുബന്ധ പ്രവര്‍ത്തനങ്ങളും നിശ്ചിത സമയത്തുതന്നെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് അഭിനന്ദനാര്‍ഹമാണ്. പ്ലാന്റ് ആരോഗ്യ മേഖലയ്ക്കുകൂടി പ്രയോജനപ്പെടുത്താനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിസന്ധിയില്‍ ആരോഗ്യമേഖലയ്ക്ക് ഓക്‌സിജന്‍ ഒഴിച്ചുകൂടാത്തതാണ്. അതിനുള്ള കാര്യക്ഷമമായ ബദലായി ഇവിടുത്തെ പ്ലാന്റ് ഉപയോഗപ്പെടുത്താനാകണം. വ്യവസായിക ആവശ്യത്തിനുള്ള ഓക്‌സിജനൊപ്പം തന്നെ മെഡിക്കല്‍ ഓക്‌സിജനും ഇതിന്റെ ഭാഗമായി ലഭ്യമാക്കുന്നത് ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തിന് ഗുണകരമാകും. പുതിയ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഓട്ടോമാറ്റിക് സംവിധാനത്തിലും ഊര്‍ജ്ജക്ഷമതയിലും സ്വയം പര്യാപ്തമാകാന്‍ കെഎംഎംഎല്ലിന് സാധിക്കും. ഓക്സിജന്‍ പ്ലാന്റില്‍ നിന്നും ഉത്പാദിപ്പിക്കുന്ന 70 ടണ്‍ നൈട്രജന്‍ ഗ്യാസിന് പുറമേ ദ്രവീകൃത നൈട്രജനും വിപണിമൂല്യം ഉള്ളവയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.