കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അവരുടെ ഭാര്യ, ഭര്‍ത്താവ്, മക്കള്‍ മുതലായ ബന്ധുക്കള്‍ക്കും പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള പ്രവേശനത്തിന് അനുമതി നല്‍കി. കുവൈത്ത് സിവില്‍ ഏവിയേഷന്‍ അധികൃതരാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാല്‍ തിരിച്ചെത്തുന്നവര്‍ക്ക് സാധുവായ താമസരേഖയോ എന്‍ട്രി വിസയോ ഉണ്ടായിരിക്കണം. ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിച്ച കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടായിരിക്കും പ്രവേശന അനുമതി നല്‍കുകയുള്ളൂവെന്നും വിജ്ഞാപനത്തില്‍ സൂചിപ്പിക്കുന്നു.