മനാമ:കുവൈത്തില് 20 ദിവസത്തേക്ക് പൂര്ണസമയ ലോക്ഡൗണ് ഏര്പ്പെടുത്താന് മന്ത്രിസഭാ തീരുമാനം. ഞായറാഴ്ച വൈകിട്ട് നാലു മുതല് മെയ് 30 ശനിയാഴ്ച വരെയാണ് ലോക്ഡൗണ്. കൊറോണവൈറസ് വ്യാപനം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിയന്ത്രണം ഏര്പ്പെടുത്തുന്നത്.

രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണവും മരണവും ഗണ്യമായി വര്ധിച്ചിരിക്കയാണ്. ഇതേതുടര്ന്ന് രാജ്യവ്യാപക ലോക്ഡൗണിന് ആരോഗ്യ മന്ത്രാലയം മന്ത്രിസഭയോട് ശുപാര്ശ ചെയ്യുകയായിരുന്നു. ഇതോടെ നിലവില് പതിനാറു മണിക്കൂറുള്ള കര്ഫ്യൂ 24 മണിക്കൂറാക്കി വര്ധിപ്പിക്കാന് മന്ത്രിസഭ തീരുമാനിച്ചു.
നമ്മള് നിയന്ത്രണങ്ങളുടെ അവസാന ഘട്ടത്തിലാണെന്നും കര്ഫ്യൂ പെരുന്നാളിന് ശേഷവും ദീര്ഘിപ്പിക്കുമെന്നും ഉപപ്രധാനമന്ത്രി അനസ് അല് സാലിഹ് വാര്ത്താ സമ്മേളനത്തില് അറിയിച്ചു. തുടര്ന്ന് ക്രമേണ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നും ഉപപ്രധാനമന്ത്രി പറഞ്ഞു. സമഗ്ര നിയന്ത്രണത്തില് ജനങ്ങള് സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.

വൈകീട്ട് 4.30 മുതല് 6.30 വരെ പാര്പ്പിട കേന്ദ്രങ്ങളില് വ്യായാമം അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി വാഹനങ്ങള് ഉപയോഗിക്കരുത്. മാസ്ക് ധരിച്ചും ശാരീരിക അകലം പാലിച്ചും ആയിരിക്കണം വ്യായാമം.

വൈദ്യുതി, റിഫൈനറി, എണ്ണ, ആരോഗ്യം, മുനിസിപ്പാലിറ്റി എന്നിവയും എയര് കണ്ടീഷനിങ്, അറ്റകുറ്റപണി തുടങ്ങി ജനങ്ങള്ക്ക് അത്യാവശ്യ സേവനങ്ങള് നല്കുന്ന കമ്ബനികള്ക്കും പ്രവര്ത്തിക്കാം. മറ്റു സ്വകാര്യ സ്ഥാപനങ്ങള് അടച്ചിടണം. ഫാര്മസി, ഭക്ഷണ സാധനങ്ങള്, സഹകരണ സംഘങ്ങള് എന്നിവക്ക് ഡെലിവറി സര്വീസിന് അനുമതിയുണ്ട്. ബാങ്കുകളുടെ പ്രധാന ശാഖകള് കുറച്ചു സമയം പ്രവര്ത്തിക്കും. സഹകരണ സംഘങ്ങള്, റേഷന് കടകള്, ഗ്യാസ് സിലിണ്ടര് വിതരണക്കാര് എന്നിവക്ക് കര്ഫ്യൂ ബാധകമല്ല. റെസിഡന്ഷ്യല് ഏരിയകളിലെ സൂപ്പര് മാര്ക്കറ്റുകള്ക്കും തുറക്കാം.

കുവൈത്തില് വെള്ളിയാഴ്ച മലയാളിയടക്കം മൂന്നു പേര് കൊറോണവൈറസ് ബാധിച്ച്‌ മരിച്ചു. 160 ഇന്ത്യക്കാര് ഉള്പ്പെടെ 641 പേര്ക്കു കൂടി പുതുതായി വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 47 ആയും സ്ഥിരീകരിച്ച കേസുകള് 7208 ആയും ഉയര്ന്നു. 2,884 ഇന്ത്യക്കാര്ക്ക് രാജ്യത്ത് രോഗബാധയുണ്ട്.

കൊല്ലം വെണ്പാലക്കര തെക്കുംഭാഗത്ത് രാജു അശോകനാ(50)ണ് മരിച്ച മലയാളി. ഭാര്യ: ലേഖ. മകള്: കൃഷ്ണപ്രിയ. അമ്മ: രാധ. രണ്ട് സഹോദരിമാരുണ്ട്. സംസ്കാരം കോവിഡ് പ്രോട്ടോകോള് പ്രകാരം കുവൈത്തില് നടക്കും.