ആലപ്പുഴ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ആലപ്പുഴ ജില്ലയിലെ പാടശേഖരങ്ങളില്‍ ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്ന് ലഭിച്ച 4.65 കോടി രൂപ ജില്ലാ കലക്ടര്‍ അടിയന്തിര നടപടികള്‍ക്കായി പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ക്ക് കൈമാറി. കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ മടവീഴ്ച പരിഹരിച്ച് പ്രദേശവാസികളെ തിരികെ പുനരധിവസിപ്പിക്കാന്‍ ഈ തുക ഉപയോഗിക്കും എന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
ആഗസ്റ്റില്‍ ഉണ്ടായ അതിശക്തമായ മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കം മൂലം ആലപ്പുഴ ജില്ലയിലെ വിവിധ പാടശേഖരങ്ങളിലെ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും വെള്ളം പമ്പ് ചെയ്യുന്നതിനും ബണ്ടുകള്‍ പുനസ്ഥാപിക്കുന്നതിനുമായി 3.40 കോടി രൂപയും 2019 ലെ പ്രളയത്തില്‍ വെള്ളം വറ്റിച്ചതുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് നല്കുവാന് ബാക്കിയുള്ള തുക വിതരണം ചെയ്യുന്നതിനായി 1.25 കോടി രൂപയും അടക്കം 4.65 കോടി രൂപയാണ് അനുവദിച്ചത്.
കുട്ടനാട്ടില്‍ വ്യാപകമായ കൃഷിനാശവും മടവീഴ്ചയും സംഭവിച്ചതിനെ തുടര്‍ന്ന് പാടശേഖരങ്ങളുടെ പുറംബണ്ടില്‍ താമസിക്കുന്ന അനേകം കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.ഈ മടവീഴ്ച പരിഹരിക്കുന്നതിനും തകര്‍ന്ന മടകള്‍ കുത്തുന്നതിനും പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിക്കുന്നതിനും ഈ തുക ഉപയോഗിക്കാനാകും. കുട്ടനാട്ടില്‍ പലയാളുകളും ഇപ്പോഴും വീടുകളിലേക്ക് മടങ്ങാനാവാതെ ബന്ധുവീടുകളിലാണ് താമസിക്കുന്നത്. മട കെട്ടി പാടശേഖരങ്ങളിലെ വെള്ളം വറ്റിച്ചാല്‍ മാത്രമേ ഇവര്‍ക്ക് തിരികെ വീടുകളിലെത്താന്‍ സാധിക്കൂ. പമ്പ് ഉപയോഗിച്ച് പാടശേഖരങ്ങളിലെ വെള്ളം വറ്റിച്ച് അടുത്ത പുഞ്ച കൃഷിക്കായി ഒരുക്കാനും ഈ തുക ഉപയോഗിക്കുമെന്ന് ജില്ലാ കലക്ടര്‍ എ അലക്സാണ്ടര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷത്തെ പ്രളയവുമായി ബന്ധപ്പെട്ട തുക തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് കൃഷി വകുപ്പ് ഉപഡയറക്ടര്‍ എന്‍ രമാദേവി പറഞ്ഞു.