ഹണ്ട്സ്‌വില്ല ∙ ഗർഭിണിയായ ഭാര്യ, ഭാര്യാപിതാവ്, അഞ്ചു വയസ്സുള്ള മകൾ എന്നിവരെ കൊലപ്പെടുത്തിയ ജോൺ ഹമ്മലിന്റെ (45) വധശിക്ഷ ജൂൺ 30 വൈകിട്ട് ടെക്സസ് ഹണ്ട്സ് വില്ല ജയിലിൽ നടപ്പാക്കി.

2009 ലാണ് കേസിനാസ്പദമായ സംഭവം ഫോർട്ട്‌വർത്തിൽ നടന്നത്. ഗർഭിണിയായ 45 വയസ്സുള്ള ഭാര്യയെ 30 ലേറെ തവണ കുത്തിയും, അഞ്ചു വയസ്സുള്ള മകളെ ക്രൂരമായി മർദ്ദിച്ചും, വീൽ ചെയറിൽ കഴിഞ്ഞിരുന്ന ഭാര്യാ പിതാവിനെ ബാറ്റുകൊണ്ട് അടിച്ചുമാണു കൊലപ്പെടുത്തിയത്. തുടർന്നു വീടിനു തീവയ്ക്കുകയും ചെയ്തു. സംഭവത്തിനുശേഷം വീട്ടിൽ നിന്നും രക്ഷപ്പെട്ട ജോണിനെ കലിഫോർണിയ ഓഷൻസൈഡിൽ നിന്നാണു പൊലീസ് പിടികൂടിയത്.

കൺവീനിയൻസ് സ്റ്റോറിൽ വച്ചു പരിചയപ്പെട്ട സ്ത്രീയുമായി ഒളിച്ചോടുന്നതിനാണ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതെന്ന് പിന്നീട് ഇയാൾ സമ്മതിച്ചു. 2020 മാർച്ചിൽ വധശിക്ഷ നടപ്പാക്കാനായിരുന്നു വിധി. കോവിഡിനെ തുടർന്നാണ് ഇത്രയും താമസിച്ചത്. ബുധനാഴ്ച രാത്രി മാരകമായ വിഷമിശ്രിതം കുത്തിവച്ച് മിനിട്ടുകൾക്കകം മരണം സ്ഥിരീകരിച്ചു.

ഈ വർഷം ടെക്സസിൽ നടപ്പാക്കിയ രണ്ടാമത്തെ വധശിക്ഷയാണിത്, അമേരിക്കയിലെ അഞ്ചാമത്തേതും. അമേരിക്കയിലെ പല സംസ്ഥാനങ്ങളും വധശിക്ഷ നിർത്തൽ ചെയ്തിട്ടുണ്ടെങ്കിലും ടെക്സസ് ഉൾപ്പെടെ 27 സംസ്ഥാനങ്ങളിൽ ഇന്നും വധശിക്ഷ നിലനിൽക്കുന്നു. പ്രസിഡന്റ് ബൈഡൻ വധശിക്ഷ നടപ്പാക്കുന്നതിനെ എതിർക്കുന്ന വ്യക്തിയാണെങ്കിലും, രാജ്യവ്യാപകമായി വധശിക്ഷ നിർത്തലാക്കുന്നതിനുള്ള നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.