• സി. എസ്. ചന്ദ്രിക

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ടുള്ള ലോക്ക് ഡൗണില്‍ എല്ലാവരും എല്ലാ സമയത്തും ഇപ്പോള്‍ ഒരുമിച്ചിരിക്കുന്ന സ്ഥലം വീടാണ്. ഇന്ത്യയില്‍ ലോക്ക് ഡൗണില്‍ രണ്ടു മാസങ്ങള്‍ക്കു ശേഷം പല മേഖലകളിലും ഇളവുകളുണ്ടായിട്ടുണ്ടെങ്കിലും കോവിഡില്‍ നിന്ന് സുരക്ഷിതമായ സ്ഥലമായി വീടിനെ തന്നെയാണ് ജാഗ്രതയുള്ളവര്‍ ഇനിയും കുറേക്കാലം ആശ്രയിക്കുക. നിവൃത്തിയുള്ളവരൊക്കെ കഴിയുന്നതും പുറത്തിറങ്ങാതിരിക്കാനാണ് ശ്രമിക്കുന്നത്. അതായത്, കഴിയുന്നത്ര സാമൂഹ്യ വ്യവഹാരങ്ങളും വീടിനുള്ളിലിരുന്നാണ് നമ്മള്‍ ചെയ്യുക. ഓഫീസ് ജോലിയുള്ള ഏറെപ്പേരും വീട്ടിലിരുന്നാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. ജൂണ്‍ ഒന്നു മുതല്‍ കുട്ടികളുടെ സ്കൂളും വീട്ടിനുള്ളിലാണ്. നമ്മുടെ കുട്ടികള്‍ വീട്ടില്‍ ഓണ്‍ലൈന്‍ ക്ലാസ്സിലിരുന്ന് പഠിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍, ഇന്നലെ വരെയുണ്ടായിരുന്ന വീടല്ല ഇപ്പോള്‍ നമ്മള്‍ ഒരുമിച്ചിരിക്കുന്ന വീട് എന്ന് എല്ലാവരും സവിശേഷമായിത്തന്നെ മനസ്സിലാക്കാനും അതിനനുസരിച്ച് സ്വയം മാറാനും തയ്യാറാവണം.

ഓഫീസ്, സ്കൂള്‍ എന്നിവ തീര്‍ത്തും ഔദ്യോഗികമായിത്തന്നെ വീടിനുള്ളിലേക്ക് കയറിവന്ന് ഇടം പിടിച്ചിരിക്കുന്ന ഈ സമയത്ത് അടിസ്ഥാനപരമായ വലിയ മാറ്റങ്ങള്‍ കുടുംബത്തിനുള്ളിലും കുടുംബബന്ധങ്ങളിലും സംഭവിക്കേണ്ടതുണ്ട്. വീട്ടിലിരുന്ന് ഓഫീസ് ജോലി ചെയ്യുന്ന പുരുഷനും സ്ത്രീക്കും തുല്യ നിലയിലുള്ള ഇടവും പരിഗണനകളും പദവിയും കുടുംബത്തിനുള്ളില്‍ ലഭിക്കാന്‍ അവകാശമുണ്ട്. സ്കൂളിലിരുന്ന് പഠിക്കേണ്ടിയിരുന്ന കുട്ടികള്‍ക്ക് അവര്‍ക്ക് അവകാശപ്പെട്ടതായ സാമൂഹ്യ ഇടത്തിന്‍റെ തുല്യനിലയിലുള്ള പങ്കുവെയ്ക്കല്‍ കുടുംബത്തിനുള്ളില്‍ ഉറപ്പാക്കാനാവണം. കുടുംബാംഗങ്ങളുടെ ബോധത്തിലും മനോഭാവങ്ങളിലും പെരുമാറ്റങ്ങളിലും വലിയ മാറ്റം ഈ സന്ദര്‍ഭം ആവശ്യപ്പെടുന്നു. അതായത്, വീടിനുള്ളില്‍ത്തന്നെ ഇരുന്ന് സ്വസ്ഥമായി തൊഴില്‍ ചെയ്യാനും വിദ്യാഭ്യാസം ചെയ്യാനും കലാവിഷ്ക്കാരങ്ങള്‍ നടത്താനും സാമൂഹ്യ സാംസ്ക്കാരിക പരിപാടികളില്‍ പങ്കെടുക്കാനും പൗരരെന്ന നിലയില്‍ എല്ലാവര്‍ക്കും അവകാശമുള്ള സ്വതന്ത്രമായ സാമൂഹ്യ ഇടം ഉണ്ടാവണം. ഭൗതിക തലത്തില്‍ എല്ലാവര്‍ക്കും പ്രത്യേകമായ മുറികള്‍ എന്ന അര്‍ത്ഥത്തിലല്ല ഞാന്‍ ഈ ആശയത്തെ അവതരിപ്പിക്കുന്നത്. ഭൗതിക സൗകര്യങ്ങള്‍ ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരുപോലെ ബാധകമായ ജനാധിപത്യപരമായ ഇടം പങ്കു വെയ്ക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്. ഒറ്റ മുറിയുള്ള വീട്ടില്‍ കഴിയുന്ന കുടുംബത്തിലെ അംഗങ്ങള്‍ക്കു പോലും ആ ഇടം പരസ്പര ബഹുമാനത്തോടുകൂടി ജനാധിപത്യപരമായി പങ്കു വെക്കേണ്ടതായ അനിവാര്യതയെക്കുറിച്ചും അതുവഴി ഉറപ്പാക്കേണ്ടതായ സ്വതന്ത്ര്യാവകാശത്തേയും സ്വാസ്ഥ്യത്തേയും കുറിച്ചാണ് ഞാനെന്‍റെ ചിന്തകള്‍ പങ്കു വെയ്ക്കുന്നത്. ഇതൊരു തന്ത്രപ്രധാനമായ, സാമൂഹ്യമായ രോഗപ്രതിരോധ വ്യവസ്ഥയുണ്ടാക്കല്‍ കൂടിയാണ്.

അതുണ്ടായില്ലെങ്കില്‍, വീട് ഒരു പുരുഷാധികാര നിര്‍മ്മിത സ്വകാര്യ സ്ഥലമായി തന്നെ എന്നെന്നും തുടരുകയാണെങ്കില്‍ അതിനുള്ളില്‍ മുഴുവന്‍ സമയവും അകപ്പെട്ടു കിടക്കുന്ന സ്ത്രീകളും കുട്ടികളും കൂടുതല്‍ മാനസിക വിഭ്രാന്തികളിലേക്കും അസന്തുഷ്ടിയിലേക്കും വിഷാദത്തിലേക്കും ആത്മഹത്യാ ശ്രമത്തിലേക്കും കൂപ്പുകുത്താന്‍ അധിക സമയം വേണ്ട. ഒരു സമൂഹത്തിന്‍റെ സാമൂഹ്യ വികസനത്തിന്‍റെ പ്രഥമമായ അളവുകോല്‍ ആ സമൂഹത്തിലെ സ്ത്രീകളുടേയും കുട്ടികളുടേയും മാനസിക ശാരീരികാരോഗ്യവും സന്തോഷവും ആയിരിക്കണമെന്നു സര്‍ക്കാരും ബന്ധപ്പെട്ട അക്കാദമിക്, സാമൂഹ്യ വികസന സ്ഥാപനങ്ങളും അടിയന്തരമായി തിരിച്ചറിയുകയും അംഗീകരിക്കുകയും വേണം.

കേരളം ഇതു വരേയും നേടിയ സാമൂഹ്യ വികസനത്തിന്‍റെ പ്രതിസന്ധികളെ മറികടന്നു മുന്നോട്ടു പോകാനുള്ള പുതിയ ഘട്ടപ്രവര്‍ത്തനങ്ങളുടെ ഒരു വലിയ മേഖല ഇതായിരിക്കണം എന്ന് സംസ്ഥാന സര്‍ക്കാരിനോട് വിശേഷിച്ച് മുഖ്യമന്ത്രിയോടും കേരളത്തിന്‍റെ വനിതാ വകുപ്പു മന്ത്രി കൂടിയായ ശൈലജ ടീച്ചറോടും വിദ്യാഭ്യാസ മേഖലയുടെ ചുമതലക്കാരായ രവീന്ദ്രന്‍ മാഷിനോടും ഡോ. കെ.ടി ജലീലിനോടും അഭ്യര്‍ത്ഥിക്കുകയാണ്. കോവിഡ് പ്രതിരോധത്തില്‍ ലോകത്തിനു മുന്നില്‍ വിജയകരമായ അനുഭവങ്ങള്‍ കാഴ്ചവെച്ച രാഷ്ട്രീയാധികാര രംഗത്തുള്ള സ്ത്രീകളില്‍ ഒരാളാകാന്‍ ശൈലജ ടീച്ചര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അത്രയും ജനകീയതയും നേതൃത്വ ശേഷിയുമുള്ള ഒരു മന്ത്രിയാണ് കേരളത്തിലെ വനിതാ വകുപ്പും കൈകാര്യം ചെയ്യുന്നത് എന്നത് കേരളത്തില്‍ വലിയൊരനുകൂലഘടകമായി ഞാന്‍ കാണുന്നു. കോവിഡ് വൈറസിനു നേരെ യുദ്ധകാലാടിസ്ഥാനത്തില്‍ ശൈലജ ടീച്ചര്‍ നടത്തുന്ന വായനയും പഠനങ്ങളും കൂട്ടായ ചര്‍ച്ചകളും ഏകോപനങ്ങളും സമാനമായി, നമ്മുടെ സാമൂഹ്യ കുടുംബ ശരീരങ്ങളെ കാര്‍ന്നു തിന്ന് ജീര്‍ണ്ണവും വിഷമയവുമാക്കുന്ന ആണ്‍കോയ്മയെന്ന മാരക വൈറസിനു നേരെക്കൂടി അടിയന്തരമായി ഉണ്ടാകണം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്ത്രീകള്‍ തങ്ങള്‍ വീടുകള്‍ക്കുള്ളിലനുഭവിച്ചതും നിരന്തരം നേരിട്ടുകൊണ്ടിരിക്കുന്നതുമായ അപമാനങ്ങളേയും അതിജീവനങ്ങളേയും കുറിച്ച് തുറന്നെഴുത്തുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എഴുത്തുകാരിയായ ബിലു പത്മിനി നാരായണനും ഭാഗ്യലക്ഷ്മിയും ഫെയ്സ് ബുക്കിലെഴുതിയ അനുഭവങ്ങള്‍ കേരളത്തിലെ ജനസംഖ്യയിലെ പകുതിയോളം വരുന്ന സ്ത്രീകളും പെണ്‍കുട്ടികളും പല രൂപങ്ങളില്‍ സമാനമായി അനുഭവിക്കുന്നതാണ്. പ്രതികരിക്കാനോ തുറന്നു പറയാനോ ഭയമുള്ളവരായി തുടരുകയാണ് ഇപ്പോഴും അവരുടെ ജീവിതങ്ങള്‍. ജൂണ്‍ ഒന്നിന് സ്കൂള്‍ തുറന്ന ദിവസം വിക്ടേഴ്സ് ചാനലില്‍ ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് ക്ലാസ്സെടുത്ത സായി ശ്വേത ടീച്ചര്‍ക്കു നേരെയുണ്ടായ പരസ്യമായ സൈബര്‍ ആക്രമണത്തില്‍ കണ്ട അപമാനങ്ങള്‍ അതിന്‍റെ വേറൊരു രൂപമാണ്.

ആത്മവിശ്വാസത്തോടെ തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കു നേരെ കുറേക്കൂടി രൂക്ഷത കൂടിയ അപമാനങ്ങള്‍, മാനസികമായി മാത്രമല്ല, ശാരീരികമായ മര്‍ദ്ദനമടക്കമാണ് വീടുകള്‍ക്കുള്ളില്‍ സംഭവിക്കുന്നത്. അതാകട്ടെ, കുടുംബമെന്ന സ്വകാര്യ മണ്ഡലത്തില്‍ സംഭവിക്കുന്നതു കൊണ്ട് പ്രത്യക്ഷത്തില്‍ ദൃശ്യവുമല്ല. ഈ സാഹചര്യത്തിലാണ് ബിലുവും ഭാഗ്യലക്ഷ്മിയുമൊക്കെ സ്വന്തം കുടുംബത്തിനുള്ളിലെ ആണധികാര വ്യവസ്ഥയെ തുറന്നു കാണിക്കുന്നതില്‍ വലിയ ആദരവര്‍ഹിക്കുന്നത്. സമൂഹത്തില്‍ പുരോഗമന മതേതര, ജനാധിപത്യമൂല്യങ്ങളുടെ മുന്നണിയില്‍ വന്നു നില്‍ക്കുന്ന ആദര്‍ശ രൂപമായി ജനങ്ങള്‍ കണ്ടിരുന്ന വിദ്യാസമ്പന്നനും എഴുത്തുകാരനുമായ തന്‍റെ ഭര്‍ത്താവിന്‍റെ കുടുംബത്തിനുള്ളിലുള്ള യഥാര്‍ത്ഥ മുഖത്തെക്കുറിച്ചാണ് ബിലു തുറന്നു പറഞ്ഞത്. അന്തസ്സായി തൊഴിലെടുത്ത് ജീവിക്കാനുള്ള തുല്യ പൗരയെന്ന അവകാശവും നീതിയും അഭിമാനവും നിഷേധിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നതിന്‍റെ അനുഭവങ്ങളെക്കുറിച്ചാണവര്‍ എഴുതിയത്.

വൈവാഹിക കുടുംബ ജീവിതത്തിനുള്ളില്‍ വിദ്യാസമ്പന്നകളും തൊഴിലെടുക്കുന്നവരും വരുമാനമുണ്ടാക്കുന്നവരുമായ സ്ത്രീകള്‍ പോലും കുടുംബമെന്ന സ്വകാര്യ മണ്ഡലത്തിലെ അടിച്ചമര്‍ത്തലുകളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നില്ല എന്നത് കേരളം നേടിയ വിദ്യാഭ്യാസം അടക്കമുള്ള സാമൂഹ്യ വികസനത്തിന്‍റെ മുന്നോട്ടുള്ള വികാസത്തിനും സുസ്ഥിരമായ നിലനില്‍പ്പിനും മുന്നിലുള്ള വലിയ പ്രതിസന്ധിയാണ്. ‘പുതിയ കേരള’ത്തിന്‍റെ സമ്പദ്ഘടനയിലെ തകര്‍ച്ചയെ അതിജീവിക്കുന്നതിനും മുന്നോട്ടുള്ള വികസനത്തിനുമായി എങ്ങനെയാണ് വിദ്യാസമ്പന്നരായ സ്ത്രീകളുടെ ബൗദ്ധികമായ ശേഷികളെ, വൈദഗ്ദ്ധ്യങ്ങളെ സര്‍ക്കാര്‍ ഉപയോഗപ്പെടുത്താന്‍ പോകുന്നത്? ആരുടേയും അധികാരസ്ഥാപനത്തിനുള്ള ഇടമായല്ല, മറിച്ച് ജനാധിപത്യപരമായതും തുല്യ പൗരാവകാശങ്ങള്‍ നടപ്പിലാവുന്നതും തുല്യ നീതിയുടെ സമഭാവനയുള്ളതുമായ സാമൂഹികതയുടെ അടിസ്ഥാന ഇടങ്ങളായി നമ്മുടെ കുടുംബങ്ങള്‍ മാറിത്തീരുമ്പോഴാണ് സാമൂഹ്യ സാമ്പത്തിക വികസനത്തിന്‍റെ ഭാഗമായുള്ള പങ്കാളിത്തവും സന്തോഷങ്ങളും സ്ത്രീകള്‍ക്ക് ആസ്വദിക്കാനാവുക.

ലോക്ക് ഡൗണ്‍കാലത്ത് എല്ലാവരും വീട്ടിലിരിക്കുന്ന വേളയില്‍ പുരുഷന്‍മാര്‍ വീട്ടുജോലികളില്‍ സ്ത്രീകളെ സഹായിക്കാന്‍ ശ്രമിക്കണം എന്ന് കേരളത്തിന്‍റെ മുഖ്യമന്ത്രി ആദ്യഘട്ടത്തിലെ ഒരു പത്രസമ്മേളനത്തിനിടയില്‍ പറഞ്ഞത് എല്ലാവരും ഓര്‍ക്കുന്നുണ്ടാവും. ഒരു മുഖ്യമന്ത്രി പറഞ്ഞാല്‍ ഒരു ദിവസം കൊണ്ട് മാറുന്നതല്ല കുടുംബത്തിനുള്ളിലൂടെ സുശക്തമായി നിലനിര്‍ത്തപ്പെടുന്ന നൂറ്റാണ്ടുകളായുള്ള പുരുഷാധിപത്യപ്രവര്‍ത്തനങ്ങള്‍ എന്ന് സാമൂഹ്യശാസ്ത്രം പഠിച്ചിട്ടുള്ളവര്‍ക്കറിയാം. എങ്കിലും ഓരോ കാലത്തിന്‍റെ സമ്മര്‍ദ്ദങ്ങള്‍ക്കനുസരിച്ച് പുരുഷാധിപത്യത്തിന്‍റെ സ്വഭാവത്തിലും മാറ്റങ്ങള്‍ അനിവാര്യമാണെന്നിരിക്കേ അല്പസ്വല്പ നീക്കുപോക്കുകള്‍ക്കെങ്കിലും വീട്ടിലെ പുരുഷന്‍മാര്‍ തയ്യാറായേക്കും എന്ന പ്രതീക്ഷ ആ പ്രസ്താവനയില്‍ കണ്ട് സന്തോഷിച്ച സ്ത്രീകളുണ്ട്. കേരളത്തിന്‍റെ മുഖ്യമന്ത്രി പുരുഷന്‍മാരോടായി അങ്ങനെയൊരു പ്രസ്താവന നടത്തി എന്നത് തീര്‍ച്ചയായും വലിയ കാര്യമാണ്. എല്ലാവരും വീട്ടിലിരിക്കുമ്പോഴും സ്ത്രീകള്‍ മാത്രമായി ചെയ്യേണ്ടി വരുന്ന വീട്ടുജോലികളുടെ സമയഭാരത്തേയും അദ്ധ്വാനത്തേയും മടുപ്പിനേയും കുറിച്ച് പുരുഷന്‍മാരെ പരസ്യമായി ഓര്‍മ്മിപ്പിക്കാന്‍ ആ പ്രസ്താവനക്ക് ശേഷിയുണ്ടായിരുന്നു.

വീട്ടുജോലികളില്‍ പുരുഷന്‍മാരുടെ സഹായം എന്നതില്‍ നിന്ന് തുല്യമായ ഉത്തരവാദിത്വം എന്ന നിലയിലേക്കുയര്‍ത്തുമ്പോഴാണ് അത് ഗാര്‍ഹിക ഇടത്തിലെ സ്ത്രീകളുടെ ഇന്നു വരെയുള്ള അദൃശ്യവും അത്യദ്ധ്വാനമുള്ളതും വേതനമില്ലാത്തതും അതിനാല്‍ സാമൂഹ്യമായ അംഗീകാരമോ ബഹുമാനമോ കിട്ടാത്തതുമായ തൊഴിലിനുള്ളിലുള്ള സമ്പൂര്‍ണ്ണമായ ചൂഷണത്തെ അഭിസംബോധന ചെയ്യലായി മാറുക. ലോക്ക് ഡൗണ്‍കാലത്ത് കുടുംബങ്ങളില്‍ വീട്ടുജോലികളില്‍ പുരുഷന്‍മാരും സ്ത്രീകളും പങ്കെടുത്ത സമയവും വീട്ടുജോലിയുടെ തരങ്ങളും എന്തൊക്കെയാണെന്ന് ഗവേഷണം പഠനം നടത്തുന്നത് നന്നായിരിക്കും. ലോക്ക് ഡൗണ്‍കാലത്തിനു മുമ്പും ലോക്ക്ഡൗണ്‍ കാലത്തും സ്ത്രീകള്‍ നേരിടുന്നതായ സമ്മര്‍ദ്ദങ്ങളുടേയും ഗാര്‍ഹിക പീഢനങ്ങളുടേയും വിവരങ്ങളും പരാതികളും വിശദമായി പഠിക്കാനും വിശകലനം ചെയ്യാനും കൂടി സാധിക്കണം. സംസ്ഥാന വനിതാ വകുപ്പിന്‍റെ മുന്‍കയ്യില്‍ ഇത്തരം അടിയന്തര പഠനങ്ങള്‍ നടക്കണം.

പൊതുവിടത്തിലെ തൊഴിലുകളില്‍ ഷിഫ്റ്റ് സമ്പ്രദായമുള്ളതുപോലെ വീട്ടുജോലികളിലും ഷിഫ്റ്റ് സമ്പ്രദായം പരീക്ഷിക്കപ്പെടണം. അതുറപ്പാക്കിക്കൊണ്ട് ആ സമയത്ത് സ്ത്രീകളെ വേതനമുള്ള ജോലികളിലേക്ക് കൂട്ടത്തോടെ പുറത്തേക്കിറക്കാനാവണം. പുതിയ കേരളത്തിന്‍റെ നവതൊഴില്‍ മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തവും സംഭാവനയും അങ്ങനെ ഉറപ്പു വരുത്തണം. നവകേരള നിര്‍മ്മിതിയ്ക്കായുള്ള കലാ സാഹിത്യ സാംസ്ക്കാരിക പൊതുമണ്ഡലങ്ങളില്‍ സ്ത്രീകള്‍ക്ക് മുഴുകാനുള്ള അവസരമുണ്ടാക്കണം. എങ്കില്‍ മാത്രമേ നമ്മുടെ പുരുഷന്‍മാരും ആണ്‍കുട്ടികളും പാചകമടക്കമുള്ള മുഴുവന്‍ വീട്ടു ജോലികളും – ശിശു, വൃദ്ധജന പരിചരണവും ഗൃഹപരിപാലനവും മറ്റും പഠിക്കാന്‍ നിര്‍ബ്ബന്ധിതരാവൂ. വൈവിദ്ധ്യവും രുചികരവുമായ പോഷക പാചകവിദ്യയും ശുചിത്വവുമടങ്ങുന്ന ഹൗസ് കീപ്പിംഗ്, പുരയിടകൃഷി എന്നിവ നമ്മുടെ സ്കൂളുകളില്‍ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വരണം. അമ്മയില്‍ നിന്ന് പെണ്‍കുട്ടികളിലേക്ക് മാത്രം പകരലായിട്ടല്ല, സ്കൂളുകളില്‍ നിന്ന് ഭാഷയും മറ്റും പഠിക്കുന്നതു പോലെ പരിശീലകരായ അദ്ധ്യാപകരില്‍ നിന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇനി പാചകവും ഗൃഹപരിപാലനവും പഠിക്കണം. വീട്ടില്‍ അമ്മയുടേയും അച്ഛന്‍റേയും മേല്‍നോട്ടത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ആ ഗൃഹപാഠങ്ങള്‍ ചെയ്യട്ടെ. അദ്ധ്യാപകര്‍ വീടുകളില്‍ വന്ന് മൂല്യ നിര്‍ണ്ണയം നടത്തട്ടെ. സര്‍വ്വകലാശാലകളില്‍ സയന്‍സ് അടക്കമുള്ള എല്ലാ കോഴ്സുകളിലും ജെന്‍റര്‍ സ്റ്റഡീസ് ഇന്‍റര്‍ഡിസിപ്ലിനറി, ട്രാന്‍സ് ഡിസിപ്ലിനറി തലങ്ങളില്‍ സംയോജിപ്പിക്കാനും ശ്രമമങ്ങളുണ്ടാവണം.

ലോകത്ത് സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ 156 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 144 ആണ്. ഇന്ത്യയില്‍ ശക്തമായി നില നില്‍ക്കുന്ന വര്‍ഗ്ഗ, മത, ജാതി, ലിംഗാസമത്വങ്ങളുടെ സങ്കീര്‍ണ്ണതകള്‍ക്കുള്ളിലാണ് കേരളവും നിലകൊള്ളുന്നത്. തീര്‍ച്ചയായും കേരളം എങ്ങനെയാണ് വ്യത്യസ്തമായ പുതിയ കേരള വികസന മാതൃകയിലേക്ക് മുന്നേറുക എന്നത് സൂക്ഷ്മമായിത്തന്നെ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ലോകത്ത് ഏറ്റവും സന്തോഷമുള്ള ജനതയുള്ള രാജ്യങ്ങളായി മാറാന്‍ ഫിന്‍ലന്‍ഡിന്, ഡെന്‍മാര്‍ക്കിന്, സ്വിറ്റ്സര്‍ലന്‍ഡിന്, ഐസ്ലന്‍റിന്, നോര്‍വ്വേക്ക്, സ്വീഡന് കഴിഞ്ഞതെങ്ങനെയാണെന്ന് മുന്നില്‍ പാഠങ്ങളുണ്ട്.

കേരളത്തിന്‍റെ ഭൂമിശാസ്ത്രപരവും ചരിത്രപരവും സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവും സാംസ്ക്കാരികവുമായ സവിശേഷതകള്‍ മനസ്സിലാക്കി സൂക്ഷ്മമായി വിശകലനം ചെയ്യാനും പ്രതിസന്ധികളെ തിരിച്ചറിഞ്ഞ് അതിജീവിക്കാനുള്ള പ്രായോഗികവും തന്ത്രപരവുമായ ആസൂത്രണ മേഖലകള്‍ കണ്ടെത്തണം. ഒപ്പമുള്ള മനുഷ്യരെ ഉപദ്രവിക്കാതെയും അപമാനിക്കാതേയും അവരുടെ പൗരാവകാശങ്ങള്‍ നിഷേധിക്കാതേയും ജീവിതത്തില്‍, സമൂഹത്തിലാകെ സന്തോഷം നിറയ്ക്കുന്ന ഒരു ജനതയുടെ കേരളമാതൃക വളര്‍ത്തിയെടുക്കണമെങ്കില്‍ ജനസംഖ്യയില്‍ പകുതിയിലധികം വരുന്ന സ്ത്രീകളുടെ ജീവിത ദുരിതങ്ങളെയാണ് ആദ്യം അഭിസംബോധന ചെയ്യേണ്ടത്. അതില്‍ തന്നെയും ദരിദ്രരും ജാതീയമായും മതപരമായും ലൈഗിക ന്യൂനപക്ഷമായും അടിച്ചമര്‍ത്തപ്പെട്ടിട്ടുള്ള സ്ത്രീകളുടെ ജീവിതത്തെ സവിശേഷമായും മുന്നില്‍ കാണണം. കാരണം, ആത്മഭിമാനവും സ്വാശ്രയത്വവും സ്വാതന്ത്ര്യവുമെല്ലാം സാമൂഹ്യവും വൈയക്തികവുമായ ആനന്ദങ്ങളുമായി ബഹുതലങ്ങളിലാണ് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നത്.