കൊല്‍ക്കത്ത: കുടിയേറ്റ തൊഴിലാളികളെ പിന്തുണക്കുകയെന്ന ലക്ഷ്യത്തോടെ കമ്മ്യൂണിറ്റി കിച്ചണിന് രൂപം നല്‍കി പശ്ചിമം ബംഗാള്‍ സര്‍ക്കാര്‍. ദിദിര്‍ രണ്ണാഘര്‍ അല്ലെങ്കില്‍ മമതാസ് കിച്ചണ്‍ എന്ന പേരില്‍ ആരംഭിച്ച പദ്ധതി കൊവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്കൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഉപജീവന മാര്‍ഗം നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍ക്ക് ആശ്വാസമാവുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

ഇവിടെ ദുര്‍ഗാ പൂജ കാലയളവില്‍ ഭക്ഷണത്തിന് അഞ്ച് രൂപ വരെ വിലയിലാണ് വിതരണം ചെയ്യുക. എല്ലാ ദിവസവും രാവിലെ 7 നും ഉച്ചക്ക് 3 നും ഇടയല്‍ മമതാസ് കിച്ചണ്‍ തുറന്ന് പ്രവര്‍ത്തിക്കും. എല്ലാ ദിവസവും വ്യത്യസ്തമായ ഭക്ഷണമാവും വിതരണം ചെയ്യുക. കൂടുതല്‍ ദിവസങ്ങളിലും വെജിറ്റേറിയന്‍ ആയിരിക്കും. ചോറ്, പയര്‍വര്‍ഗങ്ങള്‍, വെജിറ്റബിള്‍ സ്റ്റ്യൂ, സോയാബീന്‍ എന്നിവ ഉള്‍പ്പെടെയായിരിക്കും ഭക്ഷണം.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോട് കൂടി ദുര്‍ഗ പൂജ ആഘോഷം നടത്താനൊരുങ്ങുന്ന ബംഗാളില്‍ മമതയുടെ പുതിയ പദ്ധതി വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് വലിയ ആശ്വാസമായിരിക്കുമെന്നാണ് കരുതുന്നത്. ഇത്തരം കിച്ചണുകള്‍ ഇതിനകം തന്നെ ഹൗറ, ബെല്‍ഗച്ചിയ, ബെറാക്പൂര്‍, എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ച്‌ കഴിഞ്ഞു. ഉത്സവ സീസണില്‍ ഇത്തരം കിച്ചണുകളുടെ പ്രവര്‍ത്തനം സംസ്ഥാന വ്യാപകമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

ഭക്ഷണത്തിന് പുറമേ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വസ്ത്രം വിതരണം ചെയ്യുന്നതിനുള്ള ആലോചനകളും നടക്കുന്നുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രനര്‍ത്തകര്‍ വ്യക്തമാക്കി. അതേസമയം കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലം കണക്കിലെടുത്ത് സിപിഎം ഇതിനകം തന്നെ സംസ്ഥാനത്തുടനീളം 700 കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിച്ചിട്ടുണ്ട്.

രണ്ടര ലക്ഷത്തിനടുത്ത് ആളുകള്‍ക്ക് ഇതുവരേയും പശ്ചിമ ബംഗാളില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തനിക്ക് കൊവിഡ് വരികയാണെങ്കില്‍ താന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കെട്ടിപിടിക്കുമെന്ന ബിജെപി നേതാവ് അനുപം ഹസ്രയുടെ പ്രസ്താവന സംസ്ഥാനത്ത് ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.