കോവിഡ് 19 വ്യാപനം തടയുന്നതിനായി രാജ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിവിധ ദേശങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ സ്വദേശങ്ങളില്‍ എത്തിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി 15 ദിവസം സമയം നല്‍കി.

ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്.കെ.കൗള്‍ എന്നിവരുടെ ബെഞ്ചാണ് സ്വന്തം വീട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥ സംബന്ധിച്ച്‌ നല്‍കിയ ഹര്‍ജി പരിഗണിച്ചത്. ഒരു കോടിയിലധികം കുടിയേറ്റ തൊഴിലാളികളെ അവരുടെ ജന്മദേശങ്ങളിലെത്തിക്കാനായി ജൂണ്‍ മൂന്ന് വരെ 4200 ശ്രമിക് ട്രെയിനുകള്‍ ഓടിച്ചെന്ന് സോളിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയെ അറിയിച്ചു.

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് ട്രെയിന്‍, ബസ് ചാര്‍ജുകള്‍ ഈടാക്കരുതെന്നും ഭക്ഷണവും മറ്റു സൗകര്യങ്ങളും അധികൃതര്‍ ഉറപ്പാക്കണമെന്നും മെയ് 28ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.