സിനിമ രംഗത്ത് വര്‍ഷങ്ങളായി സജീവമാണ് നടി സീമ ജി.നായര്‍. സിനിമയില്‍ മാത്രമല്ല, സാമൂഹിക രംഗത്തും താരം സജീവമാണ്. പ്രയാസമനുഭവിക്കുന്ന വരെ താരം സഹായിക്കാറുമുണ്ട്. ഈയിടെ അന്തരിച്ച നടി ശരണ്യയുടെ കുടുംബത്തെ സംരക്ഷിക്കുന്നതും സീമ ജി.നായരാണ്. സാമൂഹിക സേവന രംഗത്ത് താന്‍ ചെറുപ്പം മുതല്‍ സജീവമാണന്നും നടി പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമ അഭിമുഖത്തില്‍ വെളിപ്പെടുത്തിയ നടിയുടെ വാക്കുകളില്‍ നിന്നും.

” കുഞ്ഞിലെ മുതലെ എന്റെ സ്വഭാവം ഇങ്ങനെയായിരുന്നു. പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല. എനിക്കൊപ്പം സ്‌കൂളില്‍ പഠിച്ചവരൊക്കെ എപ്പോഴും പറയാറുണ്ട്. എന്നെ കുറിച്ച്‌ ന്യൂസ് വരുമ്ബോള്‍ അവരാര്‍ക്കും അത്ഭുതം തോന്നാറില്ലെന്ന്. കാരണം പണ്ടേ ഞാന്‍ ഇങ്ങനെയാണ്. അച്ഛന്‌റെ പണപ്പെട്ടിയില്‍ നിന്ന് പൈസ മോഷ്ടിച്ച്‌ തുടങ്ങിയ പരിപാടിയാണ് ഇത്. അച്ഛന് കടയുണ്ടായിരുന്ന സമയത്ത് അവിടെ നിന്ന് നാണയങ്ങള്‍ എടുത്ത് ഞാന്‍ ഡ്രസില്‍ ഒളിപ്പിക്കുമായിരുന്നു. സഹപാഠികളായ കുട്ടികള്‍ക്ക് എന്തെങ്കിലും വാങ്ങാനോ, ആവശ്യമുണ്ടെങ്കില്‍ കൊടുക്കാനോ ആയിരുന്നു അങ്ങനെ ചെയ്തത്. അല്ലാതെ എനിക്ക് മിഠായി വാങ്ങാനോ വെളളം കുടിക്കാനോ അല്ല. സ്‌കൂളിലൊക്കെ എല്ലാ കാര്യത്തിനും ആക്ടീവായിരുന്നു താന്‍.
ചാരിറ്റി ചെയ്യുന്നതില്‍ അമ്മയാണ് എന്റെ പ്രചോദനം. ഇതെല്ലാം എനിക്ക് അമ്മയില്‍ നിന്നും കിട്ടിയതാണ്.

അമ്മയ്ക്ക് 60 -75 രൂപയൊക്കെയാണ് ശമ്ബളം കിട്ടുന്നത്. അമ്മ വരുമ്ബോള്‍ കണ്ണ് കാണാത്തവരും, കാത് കേള്‍ക്കാത്തവരും, മുടന്തുളളവരും എല്ലാം നമ്മുടെ വീട്ടിലുണ്ടാവും. അമ്മ കൊണ്ട് വരുന്നത് 750 രൂപയാണെങ്കില്‍ 250കൂടെ കടം മേടിച്ചിട്ട് എല്ലാം കൂടെ എടുത്ത് ഇവര്‍ക്ക് കൊടുക്കും. ഒരു കാല്‍പവന്റെ സ്വര്‍ണം പോലും ഇട്ടിട്ടല്ല എന്റെ ചേച്ചിയെ കല്യാണം കഴിപ്പിച്ചത്. നാടകത്തു നിന്നും കിട്ടുന്നത് മുഴുവന്‍ എല്ലാവരുടെയും കല്യാണം നടത്താനും മറ്റുളളവര്‍ക്ക് വേണ്ടി കൊടുക്കാനും അമ്മ ഉപയോഗിച്ചു . അങ്ങനെ ജീവിച്ചൊരു അമ്മയായിരുന്നു എന്റെത്. മറ്റുളളവരെ സഹായിക്കണം എന്നാണ് അമ്മ പഠിപ്പിച്ചിട്ടുളളത്. പത്തിലധികം വര്‍ഷങ്ങളായി ചാരിറ്റി ചെയ്യുന്നുണ്ട്. എന്നാല്‍ അപ്പോഴൊന്നും ആരും അറിഞ്ഞിട്ടില്ല. എന്നാല്‍ ശരണ്യയുടെ പ്രശ്‌നം വന്നപ്പോഴാണ് എല്ലാവരും അറിഞ്ഞത്