കൊച്ചി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏതാനും മാസങ്ങളായി രാജ്യത്തെ തിയറ്ററുകള്‍ അടഞ്ഞു കിടക്കുകയാണ്. അണ്‍ലോക്ക് 5 ന്റെ ഭാഗമായി ഈ മാസം പുകുതിയോടെ തിയറ്ററുകള്‍ തുറക്കാനുള്ള അനുമതി ലഭിച്ചെങ്കിലും വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇതിനായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സിനിമാ പ്രേമികള്‍ക്കായി ഒരു സന്തോഷ വാര്‍ത്തയാണ് കൊച്ചിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമാ പ്രേമികള്‍ക്ക് കാറുകളില്‍ ഇരുന്ന് സിനിമ കാണാനുള്ള അവസരമാണ് ലഭിക്കുന്നത്.

ഡ്രൈവ് ഇന്‍ സിനിമ എന്ന് പേരിട്ടിരിക്കുന്ന സിനിമാ കാഴ്ച്ച ലോക്ക് ഡൗണിന്റെ സമയത്ത് രാജ്യത്തിന്റെ പലഭാഗങ്ങളിലും നടന്നിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത് ആദ്യമായാണ് നടക്കുന്നത്. ഞായറാഴ്ച്ച കൊച്ചിയിലെ മെറിഡിയനിലാണ് പുതിയ സിനിമാ അനുഭവം ആസ്വദിക്കാന്‍ അവസരം ഒരുക്കിയിരിക്കുന്നത്. ഡ്രൈവ് ഇന്‍ സിനിമയിലൂടെ സ്വന്തം കാറില്‍ തന്നെയിരുന്ന് ദൃശ്യത്തിന്റേയും ശബ്ദത്തിന്റേയും മികവോടെ സിനിമ ആസ്വദിക്കാം.

തുറസായ സ്ഥലത്ത് കാറില്‍ തന്നെയിരുന്ന് വലിയ സ്‌ക്രീനിലൂടെ സിനിമ കാണാം എന്നതാണ് ഇതിന്റെ സവിശേഷത. കൃത്യമായ അകലം പാലിച്ച്‌ വലിയ സ്‌ക്രീനിന് അഭിമുഖമായി കാറുകള്‍ പാര്‍ക്ക് ചെയ്യും. കാറിന്റെ സ്പീക്കറിലൂടെ സിനിമയുടെ ശബ്ദമെത്തും. ഇതിനായി കാറിനുള്ളിലെ എഫ് എം റേഡിയോ നിശ്ചിത ഫ്രീക്വന്‍സിയില്‍ ട്യൂണ്‍ ചെയ്താല്‍ മതി.

കൊറോണ പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചായിരിക്കും കൊച്ചിയിലെ സ്‌പെഷ്യല്‍ പ്രദര്‍ശനം നടക്കുക. പരമാവധി നാലു പേര്‍ക്കായിരിക്കും കാറില്‍ ഇരിക്കാന്‍ അനുമതി. സാനിട്ടൈസര്‍, മാസ്‌ക് എന്നിവ നിര്‍ബന്ധമാണ്. പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌ക്രീനിംഗ് നടത്തും. സണ്‍സെറ്റ് സിനിമാ ക്ലബാണ് കൊച്ചിയില്‍ ഡ്രൈവ് ഇന്‍ സിനിമ എത്തിക്കുന്നത്.