ഒക്കലഹോമ: മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് പ്രവർത്തനം ആരംഭിച്ച ഫസ്റ്റ് ഐപിസി ചർച്ചും നിലവിലുണ്ടായിരുന്ന ഐപിസി ഒക്ലഹോമ സിറ്റി ചർച്ചും സംയുക്തമായി ചേർന്ന് ക്രോസ് പോയിന്റ് ചർച്ച് എന്ന പേരിൽ പുതിയ സഭയ്ക്ക് രൂപം കൊടുത്തു. പാസ്റ്റർ പി. സി. ജേക്കബ് (പാസ്റ്ററും പ്രസിഡന്റും), പാസ്റ്റർ ജിജി തെക്കേടത്ത് (വൈസ് പ്രസിഡന്റ്), ബ്രദർ ജോസ് സാമുവൽ (സെക്രട്ടറി), ബ്രദർ മാത്യു ചാണ്ടി (ജോ. സെക്രട്ടറി), ബ്രദർ കുര്യൻ സക്കറിയ (ട്രഷറർ) എന്നിവർ സഭയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
സഭയുടെ കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി കോവിഡ് 19 ബാധിച്ച നിരവധി കുടുംബങ്ങൾക്ക് ആവശ്യമായ സ്റ്റേഷനറി -ആഹാര സാധനങ്ങൾ വിതരണം ചെയ്തു. പലചരക്ക് സാധനങ്ങൾക്കൊപ്പം, ബൈബിളും സുവിശേഷ ലഘുലേഖകളും ഉൾപ്പെടുത്തിയ കിറ്റുകളും ആവശ്യക്കാർക്ക് നൽകി. ഇതുകൂടാതെ ഇന്ത്യയിലെ മിഷൻ രംഗത്ത് പ്രവർത്തിക്കുന്ന 400 ലധികം ശുശ്രൂഷകന്മാരുടെ കുടുംബങ്ങൾക്ക് സഭയുടെ സാമ്പത്തിക പിന്തുണയും കൈമാറുവാൻ കഴിഞ്ഞതായി ഭാരവാഹികൾ പറഞ്ഞു.
ആശുപത്രികളിൽ ജോലി ചെയ്യുന്ന 24/7 മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുന്ന, വൈറസുമായി പോരാടുന്ന മെഡിക്കൽ പ്രൊഫഷണലുകളോടുള്ള നന്ദി അറിയിക്കുന്നതിനായി ഏപ്രിൽ 12 ന് ഞായറാഴ്ച സഭയിൽ പ്രത്യേകമായി അഭിനന്ദിക്കുകയും അങ്ങനെയുള്ളവരെ ആദരിക്കുകയും ചെയ്തു. “നിങ്ങളുടെ എല്ലാ വൈദഗ്ധ്യത്തിനും നന്ദി ” . നിങ്ങളുടെ ദയ, സ്നേഹം, പരിചരണം തുടങ്ങിയവ സഭയും സമൂഹവും വിലമതിക്കുന്നതാണെന്ന് പാസ്റ്റർ പി.സി. ജേക്കബ് പറഞ്ഞു.
സഭയുടെ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സഹോദരാന്മാരായ ജോർജ്ജ് ഫിലിപ്പ്, റോഷൻ വർഗീസ്, ലിജോ ജോസഫ്, ജോസെലിൻ ജോസഫ് എന്നിവരും സഭയുടെ എക്സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നൽകി.
- നിബു വെള്ളവന്താനം