- ജോയിച്ചന്‍ പുതുക്കുളം
ഫിലഡല്‍ഫിയ: ലോകം മുഴുവന്‍ ഭയന്ന് വിറയ്ക്കുന്ന കോവിഡ്19 എന്ന മഹാ വിപത്തിന്റെ സംഹാരതാണ്ഡവത്തിനു മുന്നില്‍ നിന്നും ലോക ജനതയെ വീണ്ടെടുക്കുന്നതിനായി സ്വജീവന്‍ പോലും വകവയ്ക്കാതെ സേവനം അര്‍പ്പിക്കുന്ന മുന്‍നിര പോരാളികളായ മെഡിക്കല്‍ വിഗ്ദരും നേഴ്‌സുമാരുള്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ത്യാഗോജ്ജലമായ സേവനങ്ങള്‍ക്കും കരുതലിനും മലയാളീ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലഡല്‍ഫിയാ (മാപ്പ്) ആദരവുകള്‍ അര്‍പ്പിച്ചു.
ഏതാനും മാസങ്ങളായി ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനു കാരണമായ കോവിഡ് 19 എന്ന മഹാമാരിക്കെതിരായുള്ള യുദ്ധമുഖത്ത് ഏറ്റവും മുന്‍ നിരയില്‍ നിന്നുകൊണ്ട്, ആരോഗ്യരംഗത്തെ പ്രഫഷനലുകള്‍ക്കൊപ്പം സമര്‍പ്പണത്തിന്റെയും കരുതലിന്റെയും ചൈതന്യത്തോടെ സധൈര്യം
പോരാടി സേവനം നടത്തുന്ന ഭൂമിയിലെ മാലാഖാമാര്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്നും, നേഴ്‌സസ് ഡേ ആയി ലോകം ആചരിക്കുന്ന ഈ സമയം തന്നെ മാപ്പ് അവരെ ആദരിക്കുവാനായി തിരഞ്ഞെടുത്തത് ഏറ്റവും ഉചിതവും അഭിനന്ദനാര്‍ഹവുമാണെന്ന് ഏവരും അഭിപ്രായപ്പെട്ടു.
നേഴ്‌സിംഗ് സമൂഹത്തില്‍ നിന്നും നിരവധി പേരുടെ ജീവനാണ് ഈ പോരാട്ടത്തിനിടയില്‍ പൊലിഞ്ഞു പോയത്. അതിജീവനത്തിന്റെ പോരാട്ടത്തില്‍ ജീവന്‍ വെടിഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം ഈ മഹാമാരിയില്‍ നിന്നും ലോകത്തെ വീണ്ടെടുക്കുന്നതിനായി ത്യാഗോജ്ജ്വലമായ സേവനം അര്‍പ്പിക്കുന്ന ആരോഗ്യ രംഗത്തെ അതികായകര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുവാന്‍ കൂടി ഈ സമയം വിനിയോഗിക്കുന്നതായി പ്രാസംഗികര്‍ ഓരോരുത്തരും വ്യക്തമാക്കി.
മാപ്പ് പ്രസിഡന്റ് ശാലു പുന്നൂസിന്റെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത ടെലികോണ്‍ഫ്രന്‍സില്‍ പെന്‍സില്‍വാനിയാ സ്‌റ്റേറ്റ് സെനറ്റര്‍ ഹോണറബിള്‍ ജോണ്‍ സാബറ്റിനാ, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി., ടെക്‌സാസ് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി ഹോണറബിള്‍ കെ.പി. ജോര്‍ജ്ജ്, ന്യൂ യോര്‍ക്ക് അയ്യപ്പസ്വാമി ടെംപിള്‍ പ്രസിഡന്റ് ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള, ഇന്ററ്റേര്‍ണല്‍ മെഡിക്കല്‍ സ്‌പെഷ്യലിസ്‌റ് ഡോക്ടര്‍ മാത്യു മാത്യു, ടെക്‌സാസ് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി കോര്‍ട്ട് ജഡ്ജ് ഹോണറബിള്‍ ജൂലി എ. മാത്യു, ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ഫിലാഡല്‍ഫിയാ പ്രിസണ്‍ ഹെല്‍ത്ത് മേധാവി ഷാരോണ്‍ മൊണോക്കാ, ഫിലഡല്‍ഫിയാ സെന്റ്. തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി റവ. ഫാദര്‍. എം.കെ.കുറിയാക്കോസ്, അനിയന്‍ ജോര്‍ജ്ജ് ന്യൂ ജേഴ്‌സി, ജോണ്‍സി ജോസഫ്, പെന്‍സില്‍വാനിയാ നഴ്‌സിംഗ് ബോര്‍ഡ് മെമ്പര്‍ ബ്രിജിറ്റ് വിന്‍സന്റ്, നഴ്‌സ് പ്രാക്ടീഷണര്‍ സിബി ചെറിയാന്‍ എന്നിവരും ആദരവുകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.
മാപ്പ് ജനറല്‍ സെക്രട്ടറി ബിനു ജോസഫ്, ട്രഷറാര്‍ ശ്രീജിത്ത് കോമാത്ത് എന്നീ ഐ റ്റി സ്‌പെഷ്യലിസ്റ്റുകള്‍ കോണ്‍ഫ്രന്‍സ് കോളിന്റെ പ്രോഗ്രാമുകള്‍ നിയന്ത്രിച്ചു ഭംഗിയായി നടപ്പാക്കി. യോഹന്നാന്‍ ശങ്കരത്തില്‍ , ലിസി തോമസ്, ചെറിയാന്‍ കോശി, സാബു സ്കറിയാ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായി പ്രോഗ്രാമിന്റെ വന്‍ വിജയത്തിനായി പ്രവര്‍ത്തിച്ചു.