വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഭരണം നഷ്ടമായതിന് ഭരണസിരാകേന്ദ്രമായ കാപിറ്റോള്‍ ഹില്ലില്‍ ട്രംപ് ആഹ്വാനം ചെയ്ത അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക കമീഷനെ വെക്കാനുള്ള നീക്കങ്ങള്‍ തടഞ്ഞ് സെനറ്റിലെ റിപ്പബ്ലിക്കന്മാര്‍. ട്രംപിെന്റ സ്വന്തം കക്ഷിയായ റിപ്പബ്ലിക്കന്മാരെ കൂടി ചേര്‍ത്ത് ദ്വികക്ഷി കമീഷനെ വെക്കാനായിരുന്നു തീരുമാനം. എന്നാല്‍, സെനറ്റില്‍ വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പില്‍ ആറു റിപ്പബ്ലിക്കന്മാര്‍ മാത്രമാണ് അനുകൂലമായി വോട്ടു ചെയ്തത്. ചുരുങ്ങിയത് 10 പേര്‍ വേണ്ടിടത്തായിരുന്നു കുറവ്. വോട്ടെടുപ്പ് രാജ്യത്തിന് നാണക്കേടായെന്നും വസ്തുത പുറത്തുകൊണ്ടുവരാന്‍ ഡെമോക്രാറ്റുകള്‍ ശ്രമം നടത്തുമെന്നും സഭ സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു.
ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയായിരുന്നു 200 വര്‍ഷത്തിനിടെ ആദ്യമായി രാജ്യത്തെ ഭരണസിരാ കേന്ദ്രം ആക്രമിക്കപ്പെട്ടത്. ഒരു പൊലീസുകാരന്‍ ഉള്‍പെടെ കൊല്ലപ്പെട്ടു. റിപ്പബ്ലിക്കന്‍ കക്ഷി അംഗങ്ങളായിരുന്നു ആക്രമണത്തിന് പിന്നില്‍.
പാര്‍ട്ടിക്കു മേല്‍ ഇപ്പോഴും ശക്തമായ മേല്‍ക്കൈ നിലനിര്‍ത്തുന്ന ട്രംപിനെ ചൊടിപ്പിക്കാതിരിക്കാനാണ് പലരും കമീഷനെ എതിര്‍ക്കാതിരുന്നത്. നേരത്തെ കമീഷന്‍ സ്ഥാപിക്കാനുള്ള പ്രാഥമിക നടപടികള്‍ക്ക് സെനറ്റ് അംഗീകാരം നല്‍കിയിരുന്നു. ഇത് കൂടുതല്‍ റിപ്പബ്ലിക്കന്‍ നേതാക്കളെ കുരുക്കുമെന്ന ഭയമാണ് തുടര്‍ നടപടികളെത്തിയപ്പോള്‍ വോട്ടുനല്‍കാന്‍ പലരെയും വിസമ്മതിപ്പിച്ചത്.



