കൊച്ചി: കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലെ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയതിന് മുന്‍ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. വിജിലന്‍സ് ഐജി രണ്ടാഴ്ചയ്ക്കകം പരാതി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

ലോക്ക് ഡൗണിനിടെ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും പരാതി പിന്‍വലിച്ചാല്‍ അഞ്ച് ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും പരാതിക്കാരനായ കളമശേരി സ്വദേശി ഗിരീഷ് ബാബു കോടതിയെ അറിയിച്ചു.

ചന്ദ്രിക ദിനപത്രത്തിന്‍െ്‌റ അക്കൗണ്ടിലൂടെ ഇബ്രാഹിം കുഞ്ഞ് 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലെ പരാതിക്കാരനെയാണ് ഭീഷണിപ്പെടുത്തിയത്. ഈ കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍്‌റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഭീഷണി. ഭീഷണിയും കൈക്കൂലി വാഗ്ദാനവും ലഭിച്ചതിനെ തുടര്‍ന്ന് പരാതിക്കാരന്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

തെറ്റിദ്ധാരണയുടെ പുറത്താണ് താന്‍ പരാതി നല്‍കിയതെന്ന് എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഇബ്രാഹിം കുഞ്ഞ് ഭീഷണിപ്പെടുത്തുന്നതെന്ന് പരാതിക്കാരന്‍ വ്യക്തമാക്കി. ഗിരീഷ് ബാബുവിന്‍െ്‌റ പരാതിയില്‍ ജസ്റ്റിസ് സുനില്‍ തോമസ് വിജിലന്‍സ് ഐജി എച്ച്‌ വെങ്കിടേഷിന് അന്വേഷണ നിര്‍ദ്ദേശം നല്‍കി.