കല്‍പന ചൗളക്ക് ശേഷം ആദ്യമായി ഒരു ഇന്ത്യന്‍ വംശജയായ വനിത ബഹിരാകാശത്തേക്ക്. അമേരിക്കന്‍ സ്‌പേസ് ക്രാഫ്റ്റ കമ്ബനിയായ വിര്‍ജിന്‍ ഗലാക്ടിക് റിസര്‍ച്ച്‌ ഓപറേഷന്‍സ് വൈസ് പ്രസിഡന്റായ സിരിശ ബന്ദ്‌ലയാണ് ഞായറാഴ്ച ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്നത്. ഇവര്‍ ഉള്‍പ്പെടെ ആറ് ബഹിരാകാശ യാത്രികരുമായി വിര്‍ജിന്‍ ഗലാക്ടിക്കിന്റെ സ്‌പേസ് റോക്കറ്റ് നാളെ കുതിച്ചുയരും.

ആന്ധ്രാ പ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലാണ് സിരിശയുടെ ജനനം. പിന്നീട് യുഎസിലെത്തിയ ഇവര്‍ ഹൂസ്റ്റണിലാണ് പഠനം പൂര്‍ത്തിയാക്കിയത്. ജോര്‍ജ് വാഷിംഗ്ടണില്‍ നിന്ന് എംബിഎ കരസ്ഥമാക്കി.

ആറ് ബഹിരാകാശ യാത്രികരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടത് അറിഞ്ഞ തനിക്ക് സന്തോഷം കൊണ്ട് വാക്കുകള്‍ കിട്ടാതായെന്ന് സിരിശ പറഞ്ഞു. ബഹിരാകാശം എല്ലാവര്‍ക്കും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു കമ്ബനിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു.

ബഹിരാകാശസഞ്ചാരം നടത്തിയ ആദ്യത്തെ ഇന്ത്യന്‍ വംശജയാണ് കല്‍പന ചൗള. നാസയുടെ എസ് ടി എസ്87 എന്ന ബഹിരാകാശ ദൌത്യത്തിന്റെ ഭാഗമായി 1997 നവംബര്‍ 19ന് അഞ്ച് സഹഗവേഷകര്‍ക്കൊപ്പമാണ് അവര്‍ ചരിത്രത്തിലേക്ക് പറന്നുയര്‍ന്നത്. കൊളംബിയ ബഹിരാകാശ വാഹനത്തിലായിരുന്നു യാത്ര. ആദ്യയാത്രയില്‍ 375 മണിക്കൂറുകളോളം ബഹിരാകാശത്ത് ചെലവഴിച്ച്‌ അവര്‍ തിരിച്ചെത്തി.

പിന്നീട് 2003 ജനുവരി 16ന് കല്‍പന രണ്ടാം തവണയും ബഹിരാകാശത്തേക്കു പറന്നുയര്‍ന്നു. ആറു പേര്‍ക്കൊപ്പമായിരുന്നു യാത്ര. എന്നാല്‍ പതിനേഴു ദിവസത്തെ ഗവേഷണങ്ങള്‍ക്കു ശേഷം 2003 ഫെബ്രുവരി ഒന്നിന് ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ തിരിച്ചിറങ്ങാന്‍ മിനിറ്റുകള്‍ ബാക്കിയുള്ളപ്പോള്‍ കൊളംബിയ ചിന്നിച്ചിതറി. കല്‍പനയടക്കം ഏഴു ബഹിരാകാശ സഞ്ചാരികളും ദുരന്തത്തില്‍ മരണമടഞ്ഞു.